സീമാഞ്ചലിന് പുറത്തേക്കും ഉന്നമിട്ട് ഉവൈസി; ബിഹാറിൽ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

2020ൽ 20 സീറ്റിൽ മത്സരിച്ച എഐഎംഐഎം അഞ്ച് സീറ്റിൽ വിജയിച്ചിരുന്നു. ഇവരിൽ നാലുപേർ 2022ൽ ആർജെഡിയിലേക്ക് കൂറുമാറി

Update: 2025-10-20 06:24 GMT

Owaisy | Photo | Indian Express

പട്‌ന: അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഹിന്ദു സമുദായത്തിൽ നിന്നുള്ള രണ്ടുപേരടക്കം 25 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

''വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷം എഐഎംഐഎം ബിഹാർ യൂണിറ്റാണ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ബിഹാറിലെ ഏറ്റവും ദുർബലരും അവഗണിക്കപ്പെട്ടവരുമായവർക്ക് നീതിയുടെ ശബ്ദമായി ഞങ്ങൾ മാറും''- എഐഎംഐഎം പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

പാർട്ടിയുടെ ഏക എംഎൽഎയും സംസ്ഥാന പ്രസിഡന്റുമായ അഖ്താറുൽ ആലം അമൗറിൽ നിന്ന് തന്നെ ജനവിധി തേടും. മുൻ മന്ത്രിയും ബെഗുസറായ് എംപിയും ആയിരുന്ന മുനസിൽ ഹസൻ മുംഗറിൽ മത്സരിക്കും. നേരത്തെ നാല് തവണ എംഎൽഎ ആയിട്ടുള്ള തൗസീഫ് ആലം ബഹദൂർഗഞ്ചിലാണ് പോരിനിറങ്ങുന്നത്. മുൻ എംപി സീതാറാം സിങ്ങിന്റെ മകൻ റാണ രഞ്ജിത് സിങ് (ധാക്ക), മനോജ് കുമാർ ദാസ് (സിക്കന്ദ്ര) എന്നിവരാണ് പട്ടികയിൽ അമുസ്‌ലിം സ്ഥാനാർഥികൾ.

2020ൽ ധാക്കയിലും സിക്കന്ദ്രയിലും എഐഎംഐഎം മത്സരിച്ചിരുന്നില്ല. അന്നത്തെ സഖ്യകക്ഷിയായിരുന്ന ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടി (ആർഎൽഎസ്പി ഇപ്പോൾ രാഷ്ട്രീയ ലോക്‌മോർച്ച)യാണ് രണ്ട് സീറ്റിലും മത്സരിച്ചിരുന്നത്. ധാക്കയിൽ ബിജെപി വിജയിച്ചപ്പോൾ സിക്കന്ദ്രയിൽ എൻഡിഎ സഖ്യകക്ഷിയായ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയാണ് വിജയിച്ചത്.

2020ൽ 20 സീറ്റിൽ മത്സരിച്ച എഐഎംഐഎം അഞ്ച് സീറ്റിൽ വിജയിച്ചിരുന്നു. ഇവരിൽ നാലുപേർ 2022ൽ ആർജെഡിയിലേക്ക് കൂറുമാറി. ഇത്തവണ സീമാഞ്ചലിന് പുറത്തേക്കും നോട്ടമിട്ടാണ് എഐഎംഐഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സീമാഞ്ചൽ മേഖലയിലെ കിഷൻഗഞ്ച്, പൂർണിയ, അരാരിയ, കതിഹാർ എന്നീ ജില്ലകൾ ഉൾപ്പെടുന്ന സീമാഞ്ചലിന് പുറമെ ദർഭംഗ, സിവാൻ, മുൻഗർ, ഭഗൽപൂർ ജില്ലകളിലും പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News