പണിമുടക്ക് നേരിടാൻ കടുത്ത നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; 25 ജീവനക്കാരെ പിരിച്ചുവിട്ടു

ഇന്ന് വൈകുന്നേരം നാലിനുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് മറ്റു ജീവനക്കാർക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്

Update: 2024-05-09 05:19 GMT
Advertising

ന്യൂഡൽഹി: ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ കടുത്ത നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 25 ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇന്ന് വൈകുന്നേരം നാലിനുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് മറ്റു  ജീവനക്കാർക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. അല്ലെങ്കിൽ പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്.

ഒരു ന്യായവുമില്ലാതെ മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ഉദ്യോഗസ്ഥർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നുവെന്നാണ് ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ കമ്പനി പറയുന്നത്. ഇത് മൂലം ധാരാളം വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നു. അപ്രതീക്ഷിത സമരം കമ്പനിയുടെ ഏറ്റവും വിലപ്പെട്ട യാത്രക്കാർക്ക് വലിയ അസൗകര്യം സൃഷ്ടിച്ചു. സമരം കമ്പനിക്ക് നാണക്കേടുണ്ടാക്കുകയും ധനനഷ്ടം വരുത്തിവെക്കുകയും ചെയ്തു.

അസുഖം ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള കൂട്ട അവധി വിമാനസർവീസുകൾ റദ്ദാക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമായാണ് മനസ്സിലാക്കുന്നത്. ഇത് എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സർവീസ് റൂളുകൾ ലംഘിക്കുന്ന നടപടിയാണെന്നും കത്തിൽ പറയുന്നു.

എയർ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ അലോക് സിങ് കാബിൻ ക്രൂവുമായി ഇന്ന് ഗുഡ്ഗാവിൽ ചർച്ച നടത്തും. 13 വരെ പ്രതിസന്ധി തുടരുമെന്നാണ് സൂചന. ജീവനക്കാരുടെ സമരം മൂലം ഓരോ ദിവസവും 40 ഓളം സർവീസുകൾ റദ്ദാക്കേണ്ടിവരും. ഇന്നലെ 91 ഫ്‌ളൈറ്റുകൾ റദ്ദാക്കുകയും 102 സർവീസുകൾ വൈകുകയും ചെയ്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News