ഹൂതി മിസൈല്‍ ആക്രമണം: തെല്‍ അവീവിലേക്കുള്ള വിമാന സർവീസ് താത്കാലികമായി നിർത്തി എയര്‍ ഇന്ത്യ

ഡല്‍ഹിയില്‍നിന്നും തെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബൂദാബിയിലേക്ക് വഴിതിരിച്ചുവിട്ടതായും എയർ ഇന്ത്യ അറിയിച്ചു.

Update: 2025-05-04 16:07 GMT

ന്യൂഡല്‍ഹി: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഹൂതി മിസൈല്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ തെല്‍ അവീവിലേക്കുള്ള വിമാന സർവീസ് താത്കാലികമായി നിർത്തി എയർ ഇന്ത്യ. മെയ് ആറു വരെയാണ് സർവീസ് നിർത്തലാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.

ഡല്‍ഹിയില്‍നിന്നും തെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബൂദാബിയിലേക്ക് വഴിതിരിച്ചുവിട്ടതായും എയർ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. എഐ139 എന്ന വിമാനമാണ് വഴിതിരിച്ചു വിട്ടത്. തുടർന്ന്, അബൂദാബിയില്‍ നിന്നും വിമാനം ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും കമ്പനി അറിയിച്ചു.

Advertising
Advertising

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര മറ്റൊരു ദിവസത്തേക്ക് പുനഃക്രമീകരിക്കുകയോ അല്ലെങ്കില്‍ മുഴുവന്‍ തുകയും തിരിച്ച് നല്‍കുകയോ ചെയ്യുമെന്ന് വിമാന കമ്പനി പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയാണ് പ്രധാനമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് രാവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലുണ്ടായ ഹൂതി മിസൈല്‍ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. ഇസ്രായേലിൽ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ് ബെൻ ഗുരിയോൺ.

മിസൈൽ ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ മധ്യ ഇസ്രായേലിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം, അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയെ പിന്തുണയ്ക്കാനും ഗസ്സയിൽ ഇസ്രായേലിന്റെ വംശഹത്യ കുറ്റകൃത്യത്തെ ചെറുക്കാനുമാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News