വിവാഹ സല്‍ക്കാരത്തിൽ ബീഫ് കറി വിളമ്പിയതായി ആരോപണം; യുപിയിൽ സംഘർഷം
വിവാഹസൽക്കാരത്തിനായി ക്രമീകരിച്ച ബുഫെ ഭക്ഷണ കൗണ്ടറിൽ 'ബീഫ് കറി' എന്നെഴുതിവച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്
ലക്നൗ: വിവാഹസൽക്കാരത്തിൽ ബീഫ് ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് യുപിയിൽ സംഘർഷം. അലിഗഡ് സിവിൽ ലൈൻസ് മേഖലയിലെ ഒരു വിവാഹസൽക്കാരത്തിനായി ക്രമീകരിച്ച ബുഫെ ഭക്ഷണ കൗണ്ടറിൽ 'ബീഫ് കറി' എന്നെഴുതിവച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
നേരത്തെ ക്രമീകരിച്ച ബുഫെ കൗണ്ടറിൽ 'ബീഫ് കറി' എന്ന് എഴുതിവെച്ചത് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആകാശ്, ഗൗരവ് കുമാർ എന്ന യുവാക്കൾ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇവർ ഇത് വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് വലിയ വഴക്കുണ്ടാകുകയും കേറ്ററിങ് ജീവനക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. പൊലീസ് സംഘം സ്ഥലത്തെത്തി അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
കറി ബീഫ് തന്നെയാണോ എന്നറിയാൻ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ കേസെടുക്കുന്നതിൽ തീരുമാനമെടുക്കാനാകുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.