പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു; സിദ്ദുവിനെ ചായസല്‍ക്കാരത്തിന് ക്ഷണിച്ച് അമരീന്ദര്‍

സോണിയാ ഗാന്ധി തന്നെ പി.സി.സി അധ്യക്ഷനാക്കിയത് അറിയിച്ചുകൊണ്ടുള്ള കത്തിലാണ് സിദ്ദു അമരീന്ദറിനെ പാര്‍ട്ടി ഓഫീസിലേക്ക് ക്ഷണിച്ചത്.

Update: 2021-07-22 16:30 GMT

പഞ്ചാബ് കോണ്‍ഗ്രസിലെ രൂക്ഷമായ വിഭാഗീയത ഒടുവില്‍ രമ്യതയിലേക്ക് നീങ്ങുന്നു. പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചായസല്‍ക്കാരത്തിന് ക്ഷണിച്ചതോടെയാണ് ഇരുവര്‍ക്കുമിടയിലെ ഭിന്നത പരിഹാരത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന വന്നത്. സിദ്ദുവാണ് പ്രശ്‌നപരിഹാരത്തിന് മുന്‍കൈ എടുത്തത്. മുഖ്യമന്ത്രിയെ അദ്ദേഹം നേരിട്ട് പാര്‍ട്ടി പരിപാടിക്ക് ക്ഷണിച്ചു. ഇതിനോട് പ്രതികരിച്ച അമരീന്ദര്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം സിദ്ദുവിനെയും ചായ സല്‍കാരത്തിന് ക്ഷണിക്കുകയായിരുന്നു.

സോണിയാ ഗാന്ധി തന്നെ പി.സി.സി അധ്യക്ഷനാക്കിയത് അറിയിച്ചുകൊണ്ടുള്ള കത്തിലാണ് സിദ്ദു അമരീന്ദറിനെ പാര്‍ട്ടി ഓഫീസിലേക്ക് ക്ഷണിച്ചത്. എനിക്ക് വ്യക്തിപരമായ യാതൊരു അജണ്ടയുമില്ല, ജനങ്ങളുടെ അജണ്ട മാത്രമാണുള്ളത്. പഞ്ചാബ് കോണ്‍ഗ്രസ് കുടുംബത്തില്‍ മുതിര്‍ന്ന അംഗമെന്ന നിലയില്‍ പുതിയ പി.സി.സി ഭാരവാഹികളെ അനുഗ്രഹിക്കാനായി അങ്ങയെ ക്ഷണിക്കുന്നു-സിദ്ദു കത്തില്‍ പറഞ്ഞു.

Advertising
Advertising

മുഴുവന്‍ എം.എല്‍.എമാരെയും എം.പിമാരെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും വെള്ളിയാഴ്ച രാവിലെ പഞ്ചാബ് ഭവനിലേക്ക് മുഖ്യമന്ത്രി ചായ സത്കാരത്തിന് ക്ഷണിച്ചിരിക്കുന്നു. അതിന് ശേഷം എല്ലാവരും പഞ്ചാബ് കോണ്‍ഗ്രസ് ഭവനില്‍ പുതിയ പി.സി.സി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും- മുഖ്യമന്ത്രി മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് പി.സി.സി അധ്യക്ഷനാക്കി നിയമിച്ചത്. ഇതിനോട് വിയോജിപ്പുള്ള അമരീന്ദര്‍ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം വഴങ്ങിയത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News