'വഖഫ് ഭേദ​ഗതി ബിൽ ഇസ്‌ലാം വിരുദ്ധമല്ല, അമുസ്‌ലിംകൾ മതകാര്യങ്ങളിലിടപെടില്ല; മുസ്‌ലിംകൾക്ക് രാജ്യത്ത് ഒരു പ്രശ്നവും ഇല്ല': അമിത് ഷാ

'പാർലമെന്റ് നിയമം എല്ലാവരും അംഗീകരിക്കണം. അംഗീകരിക്കില്ലെന്ന് പറയാൻ എന്താണ് അധികാരം? ക്രിസ്ത്യൻ സഭകൾ ബില്ലിനെ അംഗീകരിക്കുന്നുണ്ട്. വഖഫ് ബില്ല് സുതാര്യമാണ്'- അമിത് ഷാ അവകാശപ്പെട്ടു.

Update: 2025-04-02 17:55 GMT

ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷങ്ങളിൽ ഭയം വളർത്താൻ പ്രതിപക്ഷ പാർട്ടികൾ മനഃപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. വഖഫ് നിയമഭേദ​ഗതി ഇസ്‌ലാം വിരുദ്ധമല്ലെന്ന് പറഞ്ഞ അമിത് ഷാ, ബിൽ മുസ്‌ലിം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്നും മുസ്‌ലിങ്ങൾക്ക് രാജ്യത്ത് ഒരു പ്രശ്നവും ഇല്ലെന്നും അഭിപ്രായപ്പെട്ടു.

വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്ന മുസ്‌ലിംകളല്ലാത്തവർ മതപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്നും അമിത് ഷാ പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ സുതാര്യത ഉറപ്പാക്കുകയും ദുരുപയോഗം തടയലുമാണ് ബിൽ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ അവകാശപ്പെട്ടു. ഈ നിയമം മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങളിലും അവർ ദാനം ചെയ്യുന്ന സ്വത്തിലും ഇടപെടുമെന്നത് വലിയൊരു തെറ്റിദ്ധാരണയാണെന്നും അമിത് ഷാ പറഞ്ഞു.

Advertising
Advertising

'വഖഫ് നിയമവും ബോർഡും 1995ൽ പ്രാബല്യത്തിൽ വന്നതാണ്. മുസ്‌ലിംകളല്ലാത്തവരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള എല്ലാ ആരോപണവും അവരുടെ വഖഫിലെ ഇടപെടലിനെക്കുറിച്ചാണ്. ഒന്നാമതായി, ഒരു അമുസ്‌ലിമും വഖഫിൽ വരില്ല. മതസ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ മുസ്‌ലിംകളല്ലാത്ത ആരെയും ഉൾപ്പെടുത്താൻ വ്യവസ്ഥയില്ല. ഞങ്ങൾ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല'- അമിത് ഷാ പറഞ്ഞു.

'വഖഫ് കൗൺസിലിലും വഖഫ് ബോർഡിലും മാത്രമേ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തൂ. അത് കർശനമായി ഭരണപരമായ ചുമതലകൾ മാത്രമായിരിക്കും. അവർ ഒരു മതപരമായ ഇടപെടലും നടത്തില്ല. വഖഫ് നിയമപ്രകാരം ആരെങ്കിലും സംഭാവന ചെയ്യുന്ന സ്വത്തിന്റെ ഭരണം, അത് നിയമപ്രകാരം നടക്കുന്നുണ്ടോ, സ്വത്ത് അത് ദാനം ചെയ്ത ഉദ്ദേശ്യത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്നിവ മാത്രമേ അവർ നോക്കൂ'- അമിത് ഷാ അവകാശപ്പെട്ടു.

'വിവിധ സ്ഥലങ്ങൾ വഖഫ് ഭൂമിയെന്ന് പറയുന്നു, ക്ഷേത്രങ്ങൾ ഉൾപ്പെടെ വഖഫ് സ്വത്തുക്കളെന്ന് പറയുന്നു. വഖഫ് സ്വത്തുക്കൾ നിയമപരമായിട്ടാണോ നടക്കുന്നത് എന്ന് പരിശോധിക്കണം. സ്വത്തുക്കൾ നിരവധിയുണ്ട്, എന്നാൽ വരുമാനം കുറവാണ്. ഇത് സംശയാസ്പദമാണ്, അഴിമതി അവസാനിപ്പിക്കുകയാണ് ലക്ഷ്യം. 2010ൽ ലാലുപ്രസാദ് യാദവ് നിയമഭേദഗതി ആവശ്യപ്പെട്ടിരുന്നു. ലാലുവിന്റെ സ്വപ്നമാണ് മോദി നടപ്പാക്കുന്നത്'.

'പാർലമെന്റ് നിയമം എല്ലാവരും അംഗീകരിക്കണം. അംഗീകരിക്കില്ലെന്ന് പറയാൻ എന്താണ് അധികാരം? എല്ലാവരും ഈ നിയമം പിന്തുടരണം. ക്രിസ്ത്യൻ സഭകൾ ബില്ലിനെ അംഗീകരിക്കുന്നുണ്ട്. വഖഫ് ബില്ല് സുതാര്യമാണ്. പ്രതിപക്ഷം കള്ളം പറയുകയാണ്. സർക്കാരിന്റെ ഭൂമി ധാനമായി നൽകാൻ സാധിക്കില്ല. ഇവിടെ ഒരു കടന്നുകയറ്റവും ഇല്ല'- അമിത് ഷാ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. കേന്ദ്രം ബിൽ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബില്‍ അംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയില്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. എതിര്‍പ്പുകള്‍ പറയാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ പ്രതിപക്ഷ പാർട്ടി എംപിമാർ ബില്ലിനെ എതിർത്ത് രം​ഗത്തെത്തി. കോൺ​ഗ്രസിനെ കൂടാതെ, തൃണമൂൽ കോൺ​ഗ്രസ്, ഡിഎംകെ, എസ്പി, മുസ്‌ലിം ലീ​ഗ്, ആം ആദ്മി പാർട്ടി, ശിവസേന യുബിടി വിഭാ​ഗം തുടങ്ങിയ കക്ഷികളിലെ എംപിമാർ വഖഫ് ഭേദ​ഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News