'എന്താ മോദീ പേടിയാണോ?; അദാനിയും അംബാനിയും പണം തന്നെങ്കിൽ അങ്ങോട്ട് ഇ.ഡിയെ അയക്കൂ'; രാഹുൽ ഗാന്ധി

'ബിജെപി സര്‍ക്കാര്‍ 22 ഇന്ത്യക്കാരെ മഹാകോടീശ്വരന്മാരാക്കി. അവര്‍ക്ക് പ്രധാനമന്ത്രി കൊടുത്ത അത്രയും പണം തങ്ങള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് കൊടുക്കും'.

Update: 2024-05-08 16:55 GMT
Advertising

ന്യൂഡൽഹി: അംബാനിയും അദാനിയും കോൺ​ഗ്രസിന് ടെമ്പോയിൽ പണം നൽകിയെന്ന ആരോപണമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി രാഹുൽ ​ഗാന്ധി. മോദി പേടിച്ചിരിക്കുകയാണോ എന്നും അംബാനിയും അദാനിയും ഞങ്ങൾക്ക് പണം തന്നെങ്കിൽ അവരുടെ അടുത്തേക്ക് സിബിഐയെയും ഇ.ഡിയേയും അയക്കൂ എന്നും രാഹുൽ ​ഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മോദി ഇത് പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണോയെന്നും രാഹുൽ ചോദിച്ചു.

'നമസ്‌കാരം മോദിജീ, എന്താ പേടിച്ചിരിക്കുകയാണോ?. സാധാരണ നിങ്ങൾ അടച്ചിട്ട മുറികളിൽ അദാനിയും അംബാനിയുമായും ചർച്ച നടത്തുന്നു. എന്നിട്ട് പുറത്ത് ആദ്യമായി അദാനി, അംബാനി എന്ന് പറയുന്നു. അവർ കോൺ​ഗ്രസിന് ടെമ്പോയിൽ പൈസ തരുന്നുവെന്ന് പറയുന്നു. അത് നിങ്ങളുടെ സ്വന്തം അനുഭവമാണോ?- രാഹുൽ ​ഗാന്ധി ചോദിച്ചു.

'ഒരു കാര്യം ചെയ്യൂ. സിബിഐയെയും ഇ.ഡിയേയും അവരുടെ അടുത്തേക്ക് അയക്കൂ... വിവരങ്ങൾ ശേഖരിക്കൂ. പെട്ടെന്ന് ചെയ്യൂ. പരിഭ്രമിക്കേണ്ടന്നേ... അവർക്ക് മോദി എത്ര രൂപ കൊടുത്തോ അത്രത്തോളം പൈസ ഞങ്ങൾ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് നൽകാൻ പോവുകയാണ്'- രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

'ബിജെപി സര്‍ക്കാര്‍ 22 ഇന്ത്യക്കാരെ മഹാകോടീശ്വരന്മാരാക്കി. അവര്‍ക്ക് പ്രധാനമന്ത്രി കൊടുത്ത അത്രയും പണം തങ്ങള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് കൊടുക്കും. മഹാലക്ഷ്മി യോജനയിലൂടെയും പെഹ്‌ലി നൗകരി യോജനയിലൂടെയും തങ്ങള്‍ ഒരുപാട് ലക്ഷാധിപതികളെയുണ്ടാക്കും'- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തെലങ്കാന കരിംനഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്താണ് അംബാനി- അദാനി വിഷയത്തിൽ മോദി രാഹുലിനെയും കോൺ​ഗ്രസിനേയും കടന്നാക്രമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ എന്തുകൊണ്ടാണ് 'അംബാനി- അദാനി' വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്തതെന്നായിരുന്നു മോദിയുടെ ചോദ്യം.

'അവര്‍ അംബാനിയില്‍ നിന്നും അദാനിയില്‍ നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ രാഹുൽ തയ്യാറാവണം. എന്തായിരുന്നു ഡീല്‍?. കോൺഗ്രസിന് അംബാനിയും അദാനിയും ടെമ്പോ നിറച്ചും പണം നൽകിയിട്ടുണ്ട്'- മോദി ആരോപിച്ചു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News