സൈന്യത്തിന് അഗ്നിവീർ പദ്ധതി ആവശ്യമില്ല; ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ അത് ചവറ്റുകൊട്ടയിലെറിയുമെന്ന് രാഹുല്‍ ഗാന്ധി

ഹരിയാനയിൽ നടന്ന തൻ്റെ ആദ്യ തെരഞ്ഞെടുപ്പ് യോഗത്തിൽ കർഷകരുടെ വിഷയത്തിലും ഗാന്ധി മോദിയെ കടന്നാക്രമിച്ചു

Update: 2024-05-23 10:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

മഹേന്ദ്രഗഡ്: ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഗ്നിവീർ സൈനിക റിക്രൂട്ട്‌മെൻ്റ് പദ്ധതി റദ്ദാക്കി ചവറ്റുകുട്ടയിൽ എറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്‍റെ സൈനികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികളാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഹരിയാനയിൽ നടന്ന തൻ്റെ ആദ്യ തെരഞ്ഞെടുപ്പ് യോഗത്തിൽ കർഷകരുടെ വിഷയത്തിലും ഗാന്ധി മോദിയെ കടന്നാക്രമിച്ചു. മോദി സര്‍ക്കാര്‍ 22 വ്യവസായ പ്രമുഖരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും എന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നില്ലെന്നും അത് അവരെ നാശത്തിലേക്ക് തള്ളിവിടുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കർഷകരെ സംരക്ഷിക്കുന്നതിനും അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിനുമായി ഞങ്ങൾ ഭൂമി ഏറ്റെടുക്കൽ ബിൽ കൊണ്ടുവന്നിരുന്നു, എന്നാൽ മോദി സർക്കാർ അത് റദ്ദാക്കി. അവർ മൂന്ന് ബ്ലാക്ക് ഫാം നിയമങ്ങൾ കൊണ്ടുവന്നു, കർഷകർക്ക് തെരുവിലിറങ്ങേണ്ടി വന്നു,” മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

അഗ്‌നിവീർ പദ്ധതിയെക്കുറിച്ച് ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ച അദ്ദേഹം, ''ഇത് മോദിയുടെ പദ്ധതിയാണ്, സൈന്യത്തിൻ്റെ പദ്ധതിയല്ല. സൈന്യത്തിന് അത് വേണ്ട. പിഎംഒ (പ്രധാനമന്ത്രിയുടെ ഓഫീസ്) ആണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.ഇന്‍ഡ്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഞങ്ങൾ അഗ്നിവീർ പദ്ധതി ചവറ്റുകുട്ടയിലിടും, ഞങ്ങൾ അത് വലിച്ചുകീറും''മഹേന്ദ്രഗഡ്-ഭിവാനി ലോക്‌സഭാ മണ്ഡലത്തിൽ നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ അതിർത്തികൾ ഹരിയാനയിലെയും രാജ്യത്തെയും യുവാക്കളാൽ സുരക്ഷിതമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ യുവാക്കളുടെ ഡിഎൻഎയിൽ ദേശസ്‌നേഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 4 ന് ഇന്‍ഡ്യ മുന്നണി അധികാരത്തിൽ വരുമ്പോൾ ഹരിയാനയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുല്‍ പറഞ്ഞു. അദാനി-അംബാനി എന്നിവരിൽ നിന്ന് കോൺഗ്രസ് പണം കൈപ്പറ്റിയെങ്കിൽ എന്തുകൊണ്ട് മോദി സർക്കാരിന് ഒരു അന്വേഷണ ഏജൻസി ഇല്ലേയെന്നും രാഹുൽ ചോദിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News