അധികാരം ലഭിച്ചാൽ പ്രതിമാസം 300 യൂനിറ്റ് വൈദ്യുതി സൗജന്യം, പവർകട്ടുണ്ടാകില്ല; ഉത്തരാഖണ്ഡിലും വമ്പൻ വാഗ്ദാനങ്ങളുമായി കെജ്രിവാൾ

കർഷകർക്ക് സമ്പൂർണമായി സൗജന്യ വൈദ്യുതി നൽകുമെന്നും പഴയ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു

Update: 2021-07-11 15:55 GMT
Editor : Shaheer | By : Web Desk
Advertising

പഞ്ചാബിനും ഗുജറാത്തിനും പിറകെ ഉത്തരാഖണ്ഡിലും അധികാരം പിടിക്കാനുള്ള തന്ത്രങ്ങൾ പയറ്റി ആം ആദ്മി പാർട്ടി. അടുത്ത വർഷം ആദ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിൽ വമ്പൻ വാഗ്ദാനങ്ങളാണ് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അധികാരത്തിൽ വന്നാൽ ഓരോ കുടുംബത്തിനും പ്രതിമാസം 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് ആദ്യത്തെ പ്രഖ്യാപനം. കർഷകർക്ക് സമ്പൂർണമായി സൗജന്യ വൈദ്യുതി നൽകുമെന്നും പഴയ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്നും വാഗ്ദാനമുണ്ട്. പവർകട്ട് ഒഴിവാക്കും.

ഇതൊക്കെ ഡൽഹിയിൽ നടത്താമെങ്കിൽ എന്തുകൊണ്ട് ഉത്തരാഖണ്ഡിലും ആയിക്കൂടായെന്ന് കെജ്രിവാൾ ചോദിച്ചു. ഉത്തരാഖണ്ഡ് സ്വന്തം ആവശ്യത്തിനായി വൈദ്യുതി ഉൽപാദിപ്പിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് നൽകുക കൂടി ചെയ്യുന്ന സംസ്ഥാനമാണെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ അധികാരമേൽക്കുമ്പോൾ ഏഴുമുതൽ എട്ടുമണിക്കൂർ വരെയായിരുന്നു വൈദ്യുതിമുടക്കമുണ്ടായിരുന്നത്. അതിന് പരിഹാരമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങൾക്കുമുൻപ് പഞ്ചാബിലും കെജ്രിവാൾ സൗജന്യവൈദ്യുതി പ്രഖ്യാപിച്ചിരുന്നു. 300 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ വീട്ടുകാർക്കുമാണ് സൗജന്യമായി വൈദ്യുതി നൽകുമെന്നാണ് വാഗ്ദാനം. ഉത്തരാഖണ്ഡിനെപ്പോലെ തന്നെ അടുത്ത വർഷം ആദ്യത്തിൽ തന്നെയാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്.

കഴിഞ്ഞ വർഷം ഡൽഹിയിൽ കെജ്രിവാൾ സൗജന്യ വൈദ്യുതി പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തിരുന്നു. 200 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗം വരുന്ന വീട്ടുകാർക്ക് 100 ശതമാനവും 200 മുതൽ 400 വരെ യൂനിറ്റ് ഉപയോഗമുള്ള വീട്ടുകാർക്ക് 50 ശതമാനവുമായിരുന്നു സബ്‌സിഡി അനുവദിച്ചത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News