സനാതനികളുമായി കൂട്ടുകൂടരുത്, ആർഎസ്എസിനും സംഘ്പരിവാറിനുമെതിരെ ജാ​ഗ്രത പാലിക്കണം: സിദ്ധരാമയ്യ

'ഒരു സനാതനി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞു. സനാതനികളും യാഥാസ്ഥിതിക ഘടകങ്ങളും ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നാണ് അത് കാണിക്കുന്നത്'.

Update: 2025-10-19 13:05 GMT

Photo| Special Arrangement

ബം​ഗളൂരു: സനാതനികളുമായി കൂട്ടുകൂടരുതെന്നും ആർഎസ്എസിനും സംഘ്പരിവാറിനുമെതിരെ ജാ​ഗ്രത പാലിക്കണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിആർ അംബേദ്കറെയും അദ്ദേഹം രൂപപ്പെടുത്തിയ ഭരണഘടനയെയും അവർ ചരിത്രപരമായി എതിർത്തിരുന്നുവെന്നും ഇപ്പോഴുമത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങളുടെ കൂട്ടുകെട്ട് ശരിയായി നിലനിർത്തുക, സമൂഹത്തിനായി നിലകൊള്ളുന്നവർക്കൊപ്പം കൂട്ടുകൂടുക, സനാതനികളും സാമൂഹിക മാറ്റത്തിനെതിരെ പ്രവർത്തിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കുക'- സിദ്ധരാമയ്യ പറഞ്ഞു. മൈസൂർ യൂണിവേഴ്സിറ്റി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ഷൂ ആക്രമണവും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒരു സനാതനി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞു. സനാതനികളും യാഥാസ്ഥിതിക ഘടകങ്ങളും ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നാണ് അത് കാണിക്കുന്നത്. ഇത്തരം പ്രവർത്തികൾ ഉറപ്പായും അപലപിക്കപ്പെടണം. അത് ദലിതർക്കെതിരെ മാത്രമല്ല, ആർക്കുമെതിരെ ഉണ്ടാവാൻ പാടില്ല. എങ്കിൽ മാത്രമേ സമൂഹം മാറ്റത്തിന്റെ പാതയിൽ സ‍ഞ്ചരിക്കുന്നുവെന്ന് നമുക്ക് പറയാനാവൂ'- അദ്ദേഹം ചൂണ്ടിക്കാട്ടി.

'ആർഎസ്എസും സംഘ്പരിവാറും അംബേദ്കറെയും ഭരണഘടനയെയും എതിർ‍ത്തവരാണ്. ഇപ്പോഴും അത് തുടരുന്നു. അതിനാൽ തന്നെ ജനങ്ങൾ‍ ജാ​ഗ്രത പാലിക്കണം. സാമൂഹിക പരിവർത്തനത്തിനായി അറിവ് ഉപയോഗിച്ച ദീർഘവീക്ഷണമുള്ള വ്യക്തിയാണ് അംബേദ്കർ. സമൂഹത്തെ മനസിലാക്കാൻ അംബേദ്കർ അറിവ് നേടി, ജീവിതത്തിലുടനീളം സമൂഹത്തെ മാറ്റാൻ അത് ഉപയോഗിച്ചു'- സിദ്ധരാമയ്യ പറഞ്ഞു.

അംബേദ്കറുടെ പേരിൽ ബിജെപിയും സംഘ്പരിവാറും തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അംബേദ്കറെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുത്തിയെന്ന് അവർ നുണ പ്രചരിപ്പിക്കുകയാണ്. എന്നാൽ 'സവർക്കറും ഡാങ്കെയും എന്നെ തോൽപ്പിച്ചു' എന്നാണ് സത്യം അംബേദ്കർ സ്വന്തം കൈപ്പടയിൽ എഴുതിയത്. സംഘ്പരിവാറിന്റെ നുണകൾ തുറന്നുകാട്ടാൻ അത്തരം സത്യങ്ങൾ സമൂഹത്തിന് മുന്നിൽ വയ്ക്കണമെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

'അംബേദ്കറെ പഠിക്കുന്നവർക്ക് അദ്ദേഹത്തിന്റെ പാതയിൽ നടക്കാനാണ് ഞാൻ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് സ്ഥാപിച്ചത്. അംബേദ്കർ അതുല്യനാണ്. മറ്റൊരു അംബേദ്കർ ഒരിക്കലും ജനിക്കില്ല. എല്ലാവരും അദ്ദേഹത്തിന്റെ ആദർശങ്ങൾ പിന്തുടരുകയും ചുവടുകൾ പിന്തുടരുകയും വേണം'- സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

കർണാടകയിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കുന്നത് പരിഗണനയിലെന്ന് സിദ്ധരാമയ്യ കഴിഞ്ഞദിവസം പറ‍ഞ്ഞിരുന്നു. വിവിധയിടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ സ്ഥാപിച്ചിരുന്ന ആർഎസ്എസ് പതാകകൾ, പോസ്റ്ററുകൾ, ഭഗവദ് ധ്വജങ്ങൾ തുടങ്ങിയവ ശനിയാഴ്ച നഗരസഭാ അധികാരികളും പൊലീസും ചേർന്ന് നീക്കം ചെയ്തിരുന്നു. ചിറ്റാപൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിലാണ് കൊടികളടക്കം‌ നീക്കിയത്.

പൊതുസ്ഥലത്ത് ആർഎസ്എസ് പ്രവർത്തനം നിരോധിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയ കർണാടക മന്ത്രിയും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ചിറ്റാപൂർ. ആർഎസ്എസ് സംഘടിപ്പിക്കുന്ന 'പഥ് സഞ്ചലൻ' (കാൽനട മാർച്ച്) പരിപാടികളുടെ പ്രചാരണത്തിന് സ്ഥാപിച്ചവയാണ് നീക്കം ചെയ്ത സാധനങ്ങൾ.

സംസ്ഥാനത്തുടനീളം പൊതു ഇടങ്ങളിൽ പരിപാടികൾ നടത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് കർണാടക മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. തമിഴ്‌നാട്ടിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിച്ചത് സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ സിദ്ധരാമയ്യ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ അത് വിശദമായി പരിശോധിക്കാനാണ് തീരുമാനം.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News