രാജസ്ഥാനിൽ ആദ്യ തെരഞ്ഞെടുപ്പ് ഫലം പുറത്ത്; ബി.എ.പി സ്ഥാനാർഥിയുടെ വിജയം 69,166 വോട്ടിന്

ചോരാസി നിയമസഭാ മണ്ഡലത്തിലാണ് രാജ്കുമാർ റോട്ട് ജനവിധി തേടിയത്

Update: 2023-12-03 08:23 GMT
Editor : Lissy P | By : Web Desk

ജയ്പൂർ: രാജസ്ഥാനിലെ ചോരാസി നിയമസഭാ മണ്ഡലത്തിൽ ഭാരത് ആദിവാസി പാർട്ടി (ബിഎപി) സ്ഥാനാർഥി രാജ്കുമാർ റോട്ട് വിജയിച്ചതായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച പ്രഖ്യാപിച്ചു. രാജസ്ഥാനിൽ നിന്നുള്ള ആദ്യ തെരഞ്ഞെടുപ്പ് ഫലമാണിത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുപ്രകാരം 69,166 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റോട്ട് വിജയിച്ചത്. 1,11,150 വോട്ടുകളാണ് അദ്ദേഹം നേടിയത്.

Advertising
Advertising

അതേസമയം, നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമാണുണ്ടായത്. രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്ത ബിജെപി, മധ്യപ്രദേശ് നിലനിർത്തി. തെലങ്കാനയിൽ അധികാരം പിടിച്ചെടുക്കാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ലോക്‌സഭ പടിവാതിൽക്കൽ നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും കരുത്തേകുന്നതാണ് ജനവിധി. ഛത്തീസ്ഗഡും മധ്യപ്രദേശും കൈവിട്ടത് കോൺഗ്രസിന് വെല്ലുവിളിയാണ്.


അതേസമയം, സമയം 1.40 പിന്നിടുമ്പോൾ രാജസ്ഥാനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ 109 സീറ്റുകളില്‍ മുന്നേറുകയാണ്.കോണ്‍ഗ്രസാകട്ടെ 72 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം.അഞ്ചു വർഷം കൊണ്ട് ഭരണം മാറുന്ന പതിവു ശൈലി പറഞ്ഞ് പ്രതിരോധിക്കാമെങ്കിലും അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത രാജസ്ഥാൻ ഫലത്തെ കാര്യമായി സ്വാധീനിച്ചു. താരപ്രചാരകനായ രാഹുൽ ഗാന്ധി പോലും രാജസ്ഥാനിലെ പ്രചാരണത്തിൽ സജീവമായിരുന്നില്ല. അവസാനഘട്ടത്തിലാണ് രാഹുൽ രാജസ്ഥാനിലെത്തിയത്. ഭൂരിപക്ഷം കിട്ടിയാൽ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന ഗെലോട്ടിന്റെ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.ഇതിനിടയിൽ ഇരുനേതാക്കളും ഒന്നിച്ച് പ്രചാരണത്തിനിറങ്ങാൻ പോലും തയ്യാറാകാത്തതും വോട്ടർമാരെ സ്വാധീനിച്ചു. കഴിഞ്ഞ തവണ അരലക്ഷത്തിൽപ്പരം വോട്ടിന് ജയിച്ച ടോങ്കിൽ മുന്‍ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റ് ഇത്തവണ നന്നായി വിയർക്കുന്ന കാഴ്ചക്കും ഈ തെരഞ്ഞെടുപ്പ് സാക്ഷിയായി.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News