മതപരിവർത്തനം ആരോപിച്ച് ബജറംഗ് ദൾ പ്രതിഷേധം; പാസ്റ്ററേയും മകനേയും അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പൊലീസ്

ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് പാസ്റ്റർക്കും മകനുമെതിരെയുള്ള ബജറംഗ് ദൾ പ്രതിഷേധവും അറസ്റ്റും

Update: 2025-12-29 14:12 GMT

ലഖ്‌നൗ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പള്ളിക്ക് മുന്നിൽ ബജറംഗ്ദൾ പ്രതിഷേധത്തിന് പിന്നാലെ 60 വയസുള്ള പാസ്റ്ററേയും മകനേയും അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ പാസ്റ്ററായ ഡേവിഡ് ഗ്ലാഡിയോൺ, മകൻ അഭിഷേക് ഗ്ലാഡിയോൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദുവനിതകളെ പണവും ഉപഹാരവും നൽകി മതം മാറ്റാൻ പ്രേരിപ്പിച്ചു എന്ന് പറഞ്ഞായിരുന്നു ബജറംഗ്ദൾ പ്രതിഷേധം.

ഞായറാഴ്ച പ്രാർത്ഥന നടക്കുന്ന പള്ളിക്ക് മുമ്പിൽ മൂന്നു മണിക്കൂറിലേറെയാണ് ബജറംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചത്. പണം, ജോലി, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവ വാഗ്ദാനം ചെയ്ത് മതം മാറ്റുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. 150 ലേറെ ആളുകൾ പള്ളിക്ക് ഉള്ളിലുണ്ടെന്നും അവരിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും ഇവർ ആരോപിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതറിഞ്ഞ് എത്തിയ പൊലീസ് ഇൻൻസ്‌പെക്ടർ പാസ്റ്ററേയും മകനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertising
Advertising

പാസ്റ്റർക്കും മകനും തിരിച്ചറിയാത്ത ഏഴു പേർക്കുമെതിരെ ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് രാധാനഗർ പൊലീസ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ മൗര്യ പറഞ്ഞു. ദേവ് പ്രകാശ് പസ്വാൻ എന്ന തദ്ദേശവാസി കൊടുത്ത പരാതിയിലാണ് പാസ്റ്റർക്കും മകനുമെതിരെ കേസ് എടുത്തിരിക്കുന്നത്.

ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് പാസ്റ്റർക്കും മകനുമെതിരെയുള്ള ബജറംഗ് ദൾ പ്രതിഷേധവും അറസ്റ്റും.

യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്ക് പ്രകാരം ക്രൈസ്തവർക്കെതിരെ 834 ആക്രമണങ്ങളാണ് 2024ൽ റിപ്പോർട്ട് ചെയ്തത്. ആക്രമണ സംഭവങ്ങളുടെ പ്രതിമാസ ശരാശരി 69.5 ആണ്. മതത്തിന്റെ പേരിലുള്ള പീഡനത്തിന്റെ ആശങ്കപ്പെടുത്തുന്ന കണക്കാണിത്. 2025ൽ നവംബർ വരെ മാത്രം 706 ആക്രമണ സംഭവങ്ങളാണ് ക്രൈസ്തവർക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും വ്യാജ മതപരിവർത്തന ആരോപണങ്ങളാണ് ആക്രമണത്തിന് പിന്നിൽ. 2025ലെ നവംബർ വരെയുള്ള കണക്ക് പരിഗണിച്ചാൽ ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടന്നിട്ടുള്ള രണ്ട് സംസ്ഥാനങ്ങൾ ഉത്തർപ്രദേശും ഛത്തീസ്ഗഢുമാണെന്നും യുസിഎഫ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News