ആശ്രമത്തിലെ സന്യാസിയെ മർദിച്ച് ബിജെപി എംപി; അറസ്റ്റ് ആവശ്യപ്പെട്ട് വൻ പ്രതിഷേധം

പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ടയറുകളടക്കം കൂട്ടിയിട്ട് കത്തിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.

Update: 2024-10-14 05:38 GMT

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ആശ്രമത്തിലെ സന്യാസിയെ മർദിച്ച് ബിജെപി എംപി. കുച്ച് ബെഹാർ ജില്ലയിലെ സീതായിലെ രാമകൃഷ്ണ വിവേകാനന്ദ സേവാ ആശ്രമത്തിലെ സന്യാസിയെ ബിജെപി രാജ്യസഭാ എംപിയായ അനന്ത് മഹാരാജ് പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.

സംഭവത്തിൽ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ന​ഗരത്തിൽ വൻ പ്രതിഷേധമാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്നത്. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ടയറുകളടക്കം കൂട്ടിയിട്ട് കത്തിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.

ഞായറാഴ്ച സീതായിലെ രാമകൃഷ്ണ വിവേകാനന്ദ സേവാശ്രമത്തിൽ എത്തിയ അനന്ത് മഹാരാജ്, പേരും വിദ്യാഭ്യാസ യോഗ്യതയും ചോദിച്ച് ആശ്രമത്തിലെ സന്യാസി വിജ്ഞാനാനന്ദ തീർഥ മഹാരാജുമായി തർക്കമുണ്ടായി. തുടർന്ന് ആശ്രമത്തിൽനിന്ന് പുറത്തുപോകുന്നതിന് മുമ്പ് സന്യാസിയെ പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.

Advertising
Advertising

അനന്ത് മഹാരാജ് ആശ്രമം വിട്ടതോടെ, സംഭവമറിഞ്ഞെത്തിയ നാട്ടുകാർ എംപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സീതായ് മാതഭംഗ റോഡ് ഉപരോധിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചു.

എന്നാൽ താൻ സന്യാസിയെ മർദിച്ചില്ലെന്നാണ് എംപി പറയുന്നത്. 'താൻ ആശ്രമത്തിൽ ചെന്ന് സന്യാസിയുടെ പേരും ഐഡി കാർഡും വിദ്യാഭ്യാസ യോഗ്യതയും ചോദിച്ചെങ്കിലും അദ്ദേഹം ഒന്നും പറയാൻ തയാറായില്ല. ഒരു മർദനവും ഉണ്ടായില്ല. എന്നാൽ താനും സംഘവും ആശ്രമത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധിക്കുകയായിരുന്നു'- അനന്ത് മഹാരാജ് അവകാശപ്പെട്ടു.

സംഭവത്തിൽ എംപിക്കെതിരെ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് രം​ഗത്തെത്തി. സന്യാസിക്കു നേരെയുണ്ടായ കൈയേറ്റത്തെ അപലപിച്ച തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ ഉദയൻ ഗുഹ, ഉചിതമായ നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News