ബംഗളൂരു ബുൾഡോസർ രാജ്: സ്ഥലം സന്ദർശിച്ച് എ.എ റഹിം എംപി
150 ലധികം കുടുംബങ്ങളാണ് ഇവിടെ ഭവനരഹിതരായിയത്
ബംഗളൂരു: കർണാടക സർക്കാർ ബുൾഡോസർ രാജ് നടപ്പിലാക്കിയ ബംഗളൂരു കൊഗിലു വില്ലേജിലെ വസീം ലേഔട്ടിലും ഫക്കീർ കോളനിയിലും സന്ദർശിച്ച് എ.എ റഹിം എംപി.
കർണാടകയിലെ കോൺഗ്രസ് സർക്കാരിൻ്റെ പ്രവർത്തി സംഘ്പരിവാറിനും യോഗി ആദിത്യനാഥിൻ്റേതിനും തുല്യമായാണ് പ്രവർത്തിക്കുന്നതെന്ന് റഹിം കുറ്റപ്പെടുത്തി. ദളിതരും മുസിംകളുമാണ് പുറത്താക്കപ്പെട്ടത്. ജനാധിപത്യ വിരുദ്ധമായ കുടിയൊഴിപ്പിക്കൽ എത്രയുംപെട്ടന്ന് അവസാനിപ്പിക്കാണം എന്നും പുറത്താക്കപ്പെട്ടവരെ വേഗത്തിൽ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി കയ്യേറി കുടിലുകള്‍ സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു പൊളിച്ചുനീക്കല്‍. 150 ലധികം കുടുംബങ്ങളാണ് ഭവനരഹിതരായിയത്. തണുത്ത് വിറക്കുന്ന ബെംഗളൂരുവില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ് കൂടിയത് സ്‌കൂള്‍ ഗ്രൗണ്ടില്‍.
ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് മുന്നറിയിപ്പുകള്‍ ഒന്നുംകൂടാതെ അധികൃതര്‍ മണ്ണുമാന്തി യന്ത്രങ്ങളുമായെത്തി കുടിലുകള്‍ പൊളിച്ച് മാറ്റാന്‍ തുടങ്ങിയത്. ആധാര്‍ കാര്‍ഡ,് തെരഞ്ഞെടുപ്പ് കാര്‍ഡ,് റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ പ്രധാനപ്പെട്ട രേഖകളൊന്നും ശേഖരിക്കാന്‍ മതിയായ സമയം അനുവദിക്കാതെയായിരുന്നു പൊളിച്ചു നീക്കല്‍. വീട് തകര്‍ന്നതോടെ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ അടുത്തുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ കളിസ്ഥലത്തേക്ക് മാറി. സ്‌കൂള്‍ അവധിയായതിനാല്‍ ഇന്നലെ അവിടെ കഴിഞ്ഞു. ഇന്ന് സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്നതോടെ ഇവര്‍ ഇവിടെ നിന്നും ഇറങ്ങേണ്ടി വരും. കര്‍ണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ മണ്ഡലമാണിത്. തങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാനും ന്യായമായ പരിഹാരം കാണാനും മന്ത്രി തയ്യാറായില്ലെന്ന് താമസക്കാര്‍ പറയുന്നു.