"വിദ്വേഷം ജയിച്ചു, കലാകാരന്‍ തോറ്റു... എനിക്കുമതിയായി, വിട": മുനവ്വര്‍ ഫാറൂഖി

"ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ നേരത്തെ എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു ഉള്ളടക്കവുമില്ലാത്ത എന്‍റെ പരിപാടി റദ്ദാക്കുന്നു. ഇത് അന്യായമാണ്"

Update: 2021-11-28 08:36 GMT
Advertising

സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് ബംഗളൂരു പൊലീസ്. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഷോ റദ്ദാക്കണമെന്നാണ് പൊലീസ് സംഘാടകരോട് ആവശ്യപ്പെട്ടത്. ബംഗളൂരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്.

ബജ്‌റംഗദളിന്‍റെ ഭീഷണിയെ തുടർന്ന് മുനവ്വറിന്‍റെ മുംബൈയിലെ പരിപാടി കഴിഞ്ഞ മാസം റദ്ദാക്കി. ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി ഒരു മാസം മുനവ്വറിനെ ജയിലിലടച്ചിരുന്നു. സ്റ്റാന്‍ഡ് അപ് കോമഡിയുടെ റിഹേഴ്സലിനിടെ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ കേട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുനാവറിനെതിരായ നടപടി. എന്നാല്‍ തെളിവ് ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

"മുനവ്വര്‍ ഫാറൂഖി മറ്റ് മതങ്ങളുടെ ദൈവങ്ങളെക്കുറിച്ചുള്ള പ്രസ്താവനകൾ നടത്തുന്ന വിവാദ വ്യക്തിയാണെന്നാണ് അറിയാൻ കഴിയുന്നത്. പല സംസ്ഥാനങ്ങളും അദ്ദേഹത്തിന്റെ കോമഡി ഷോകൾ നിരോധിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. സമാന കേസുകൾ മറ്റ് സംസ്ഥാനങ്ങളിലും ചുമത്തിയിട്ടുണ്ട്. നിരവധി സംഘടനകൾ ഈ സ്റ്റാൻഡ് അപ് കോമഡി ഷോയെ എതിർക്കുന്നതായി വിശ്വസനീയമായ വിവരമുണ്ട്. ഇത്തരം ഷോകള്‍ പൊതുസമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുകയും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും. ഇത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍ പരിപാടി റദ്ദാക്കണം"- അശോക് നഗർ പൊലീസ് സംഘാടകര്‍ക്ക് അയച്ച കത്തിൽ പറഞ്ഞു.

ഷോ നടത്താൻ അനുവദിക്കില്ലെന്ന് ബെംഗളൂരുവിലെ ഹിന്ദു ജാഗരൺ സമിതി നേതാവ് മോഹൻ ഗൗഡ പറഞ്ഞു- "ഞങ്ങൾ പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇൻഡോറിലും മറ്റ് സ്ഥലങ്ങളിലും നടത്തിയ ഷോയിൽ മുനവ്വര്‍ ഫാറൂഖി ഹിന്ദുക്കൾക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തി വികാരം വ്രണപ്പെടുത്തി. പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഞങ്ങള്‍ പ്രതിഷേധിക്കും".

"വിദ്വേഷം, വിജയിച്ചു കലാകാരൻ തോറ്റു. എനിക്കു മതിയായി. വിട. അനീതി". എന്നാണ് മുനവ്വര്‍ ഫാറൂഖിയുടെ പ്രതികരണം.

"600ലേറെ ടിക്കറ്റുകള്‍ വിറ്റതാണ്. ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ നേരത്തെ എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു ഉള്ളടക്കവുമില്ലാത്ത എന്‍റെ പരിപാടി റദ്ദാക്കുന്നു. ഇത് അന്യായമാണ്. പല മതങ്ങളില്‍പ്പെട്ടവരുടെ സ്നേഹം നേടിയ പരിപാടിയാണിത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ പേര് മുനവ്വര്‍ ഫാറൂഖി എന്നാണ്. നിങ്ങള്‍ മികച്ച ഓഡിയന്‍സായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു"- എന്നാണ് മുനവ്വര്‍ ഫാറൂഖി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Full View
Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News