ജോഡോ യാത്ര വെറുതെയായില്ല; യാത്ര കടന്നുപോയ 51 മണ്ഡലങ്ങളിൽ 36 ഇടത്ത് കോൺഗ്രസിന് ജയം

ചാമരാജനഗർ, മൈസൂർ, മാണ്ഡ്യ, തുംകൂർ, ചിത്രദുർഗ, ബെല്ലാരി, റായ്ച്ചൂർ എന്നീ ഏഴ് ജില്ലകളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്.

Update: 2023-05-14 14:52 GMT
Advertising

ബംഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ നിർണായകമായെന്ന് കണക്കുകൾ. യാത്ര കടന്നുപോയ 51 മണ്ഡലങ്ങളിൽ 36 ഇടത്തും കോൺഗ്രസിന് വിജയിക്കാനായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ 4000 കിലോമീറ്റർ പിന്നിട്ട 145 ദിവസത്തെ യാത്ര 2022 സെപ്റ്റംബർ 30-നാണ് കർണാടകയിൽ പ്രവേശിച്ചത്. ഒക്ടോബർ 23-വരെയാണ് യാത്ര കർണാടകയിലൂടെ കടന്നുപോയത്.

ചാമരാജനഗർ, മൈസൂർ, മാണ്ഡ്യ, തുംകൂർ, ചിത്രദുർഗ, ബെല്ലാരി, റായ്ച്ചൂർ എന്നീ ഏഴ് ജില്ലകളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. ആകെയുള്ള 224 മണ്ഡലങ്ങളിൽ 51 എണ്ണവും ഈ ജില്ലകളിലാണ്. അതിൽ 36 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചിട്ടുണ്ട്.

റായ്ച്ചൂർ ജില്ലയിലെ ഏഴ് സീറ്റുകളിൽ നാലിടത്തും കോൺഗ്രസ് വിജയിച്ചു. ബെല്ലാരിയിലെ അഞ്ച് മണ്ഡലങ്ങളും കോൺഗ്രസ് തൂത്തുവാരി. ചിത്രദുർഗയിലെ ആറ് മണ്ഡലങ്ങളിൽ അഞ്ചിടത്തും കോൺഗ്രസാണ് വിജയിച്ചത്. തുംകൂരിലെ 11 മണ്ഡലങ്ങളിൽ ആറിടത്ത് കോൺഗ്രസ് വിജയിച്ചു. മാണ്ഡ്യയിലെ ഏഴ് മണ്ഡലങ്ങളിൽ അഞ്ചിടത്ത് കോൺഗ്രസ് വിജയിച്ചു. മൈസൂരുവിലെ 11 മണ്ഡലങ്ങളിൽ എട്ടിടത്ത് കോൺഗ്രസ് ജയിച്ചുകയറി. ചാമരാജനഗറിലെ നാല് മണ്ഡലത്തിൽ മൂന്നിടത്തും കോൺഗ്രസാണ് വിജയിച്ചത്.

ശനിയാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കർണാടകയിൽ 135 സീറ്റ് നേടിയാണ് കോൺഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 104 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 65-ൽ ഒതുങ്ങി. ജെ.ഡി.എസ് 19 സീറ്റും മറ്റുള്ളവർ നാല് സീറ്റും നേടി. സിദ്ധരാമയ്യക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻഗണന കൽപ്പിക്കപ്പെടുന്നത്. ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദവിയോ ആഭ്യന്തരവകുപ്പോ ലഭിക്കുമെന്നും സൂചനകളുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News