'സർവേ ഫലത്തിൽ ബിഹാർ സർക്കാർ കൃത്രിമം കാണിച്ചു'; ജാതി സെൻസസിനെതിരെ പ്രചരണം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്നത് പാപമാണെന്ന് പറഞ്ഞിരുന്നു

Update: 2023-10-04 06:56 GMT
Advertising

ഡൽഹി: ബിഹാർ ജാതി സെൻസസിനെതിരെ പ്രചരണം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി. ന്യൂനപക്ഷങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാൻ സർവേ ഫലത്തിൽ ബിഹാർ സർക്കാർ കൃത്രിമത്വം കാണിച്ചുവെന്നാണ് ബി.ജെ.പി ആരോപണം. അന്വേഷണമാവശ്യപ്പെട്ട് ബിഹാറിൽ ബി.ജെ.പി പ്രക്ഷോഭം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്നത് പാപമാണ് എന്നൊരു പ്രസ്താവന തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ നടത്തിയിരുന്നു.

ഇതിന് ചുവട് പിടിച്ചാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം തന്നെ പ്രചരണമാരംഭിക്കാൻ തീരുമാനിച്ചത്. ബീഹാറിലുൾപ്പടെ ഇതു സംബന്ധിച്ച പ്രചരണം നടത്തും. ഒ.ബി.സി വിഭാഗത്തിന്റെ എണ്ണം പെരുപ്പിച്ച് കാണിക്കാൻ മുന്നോക്ക വിഭാഗം മുസ്‌ലിംകളെ പിന്നോക്ക വിഭാഗത്തിലുൾപ്പെടുത്തിയെന്നതാണ് പ്രധാന ആരോപണം. 60 ശതമാനത്തിന് മുകളിൽ ജനങ്ങൾ ഒ.ബി.സി വിഭാഗത്തിലുണ്ടെന്നാണ് ബിഹാറിലെ ജാതിതിരിച്ചുള്ള സെൻസസിന്റെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. ഈ കണക്കുകൾ ഓ.ബി.സി വോട്ടുകൾ നേടാനുള്ള നിധീഷ് കുമാറിന്റെ തന്ത്രമാണെന്നാണ് ബി.ജെ.പി പറയുന്നത്.

ജാതി സെൻസസിനെ ഒന്നടങ്കം വിമർശിച്ച ബി.ജെ.പി പല നേതാക്കളും വ്യത്യസ്ത അഭിപ്രായമാണ് മുന്നോട്ടു വെച്ചത്. ഇതിനെകുറിച്ച് ബിഹാറിലെ ബി.ജെ.പി നേതൃത്വം സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാമെന്നാണ് പറഞ്ഞത്. ജാതി സെൻസസിന് ബിഹാറിൽ ജനസമ്മതിയുള്ളതിനാൽ ആ ജനസമ്മതി തങ്ങൾക്കെതിരെയാകരുതെന്നുകൊണ്ടാണ് ഇത്തരത്തിലൊരു അടവുനയം ബി.ജെ.പി ബിഹാറിൽ സ്വീകരിച്ചത്.

രാജസ്ഥാൻ മധ്യ പ്രദേശ് ഉൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിൽ നിർണായകമായ നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് അതുകൊണ്ട്തന്നെ ഇവിടങ്ങളിലെ പിന്നോക്ക വിഭാഗത്തിന്റെ വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാൻ ജാതി തിരിച്ചുള്ള സെൻസിനെ ഒന്നടങ്കം തള്ളി പറയാതെ റിപ്പോർട്ടിനെ വിമർശിക്കുന്നത്. ഇതിലൂടെ ബിഹാർ സർക്കാർ നടത്തിയ ജാതി സെൻസസിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News