Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ലഖ്നൗ: വീട്ടുജോലിക്കിടെ പാത്രങ്ങളിൽ മൂത്രമൊഴിച്ച ജോലിക്കാരി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ ഒരു ബിസിനസുകാരന്റെ വീട്ടുജോലിക്കാരിയായ സമന്ത്രയാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ പത്ത് വർഷമായി നാഗിന പ്രദേശത്തെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു സമന്ത്ര. വീട്ടില്‍ വിശ്വസ്തതയോടെ ജോലി ചെയ്യുന്നതിനാല്‍ ഇവരെ വീട്ടുകാർക്ക് വലിയ വിശ്വാസമായിരുന്നു. എന്നാല്‍ അടുത്തിടെ, ഒരു കുടുംബാംഗം അവരുടെ അസാധാരണമായ പെരുമാറ്റത്തില്‍ സംശയം തോന്നുകയും രഹസ്യമായി നിരീക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
തുടർന്ന് വീട്ടുകാർ അടുക്കളയിൽ ഒളിക്യാമറ വെച്ചപ്പോഴാണ് ഞെട്ടിക്കന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. കുടുംബം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളിലാണ് സമന്ത്ര മൂത്രമൊഴിച്ചത്. ഇവർ ഒരു ഗ്ലാസില്‍ മൂത്രമൊഴിക്കുകയും അത് കുടുംബം ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ തളിക്കുകയും ചെയ്തതായി നാഗിന പൊലീസ് പറഞ്ഞു.
വീഡിയോ ദൃശ്യങ്ങള്‍ കുടുംബത്തിന്റെ സംശയം ശരിവെച്ചു. കുടുംബം ഉടൻ തന്നെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാഗിന പൊലീസ് സമന്ത്രയെ കസ്റ്റഡിയിലെടുത്തു. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സ്ത്രീ ഇപ്പോള്‍ ജുഡീഷ്യല്‍ നടപടികള്‍ നേരിടുകയാണ്.