ഗുജറാത്തില്‍ 45000 പേരെ മാറ്റിപ്പാർപ്പിച്ചു, 69 ട്രെയിനുകൾ റദ്ദാക്കി: ബിപോർജോയ് നാളെ കരതൊടും

കനത്ത കാറ്റിലും മഴയിലും ഗുജറാത്തില്‍ അഞ്ചു പേരാണ് മരിച്ചത്

Update: 2023-06-14 12:02 GMT

ഗാന്ധിനഗര്‍: ബിപോർജോയ് ചുഴലിക്കാറ്റ് കരതൊടാനിരിക്കെ ജാഗ്രത ശക്തമാക്കി ഗുജറാത്ത്. മുൻകരുതലിന്റെ ഭാഗമായി 45000 പേരെ മാറ്റിപ്പാർപ്പിച്ചു. 69 ട്രെയിനുകൾ റദ്ദാക്കി. കനത്ത കാറ്റിലും മഴയിലും ഇതുവരെ അഞ്ചു പേരാണ് സംസ്ഥാനത്ത് മരിച്ചത്.

ജാഖു തുറമുഖത്ത് നിന്നും 280 കിലോമീറ്റർ അകലെയുള്ള ചുഴലിക്കാറ്റ് നാളെ വൈകീട്ടോടെ ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ കനത്ത നാശനഷ്ടം സൃഷ്ടിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച എട്ട് ജില്ലകളിൽ 18 ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Advertising
Advertising

വത്സാഡ്, ജുനഗഡ്, പോർബന്ദർ, മോർബി, സോംനാഥ്, ഭുജ് ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. കടൽ തീരത്ത് നിന്നും 15 കിലോമീറ്ററിന് ഉള്ളിലുള്ള ഏഴ് താലൂക്കുകളിലെ 120 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഹെൽപ് ഡെസ്ക് നമ്പരുകളും സംസ്ഥാന സർക്കാർ പുറത്തിറക്കി. ദ്വാരക ജില്ലയിൽ മാത്രം നാന്നൂറിൽ അധികം ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായി കേന്ദ്രമന്ത്രി പർഷോത്തം രുപാല വ്യക്തമാക്കി.

കടൽ പ്രക്ഷുബ്ധമായതോടെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന സാഹചര്യത്തിൽ ആളുകൾ കടലിൽ പോകുന്നതിനും വിലക്ക് ഉണ്ട്. ഗുജറാത്ത് തീരം വഴിയുള്ള 69 ട്രെയിനുകൾ പശ്ചിമ റെയിൽവേ റദ്ദാക്കി. 32 ട്രെയിനുകൾ ഗുജറാത്തിൽ പ്രവേശിക്കും മുൻപേ സർവീസ് അവസാനിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News