കോൺഗ്രസ് ആശയങ്ങളെ ബി.ജെ.പി ഭയപ്പെടുന്നു: പി.ചിദംബരം

കേന്ദ്രസർക്കാരിന് തന്നെ പേടിയുണ്ടോ എന്ന ചോദ്യത്തിന്, പേടിക്കാൻ ഞാൻ സിംഹമോ കടുവയോ അല്ലെന്നും പി. ചിദംബരം

Update: 2022-05-30 15:54 GMT
Editor : afsal137 | By : Web Desk
Advertising

ചെന്നൈ: ഭരണകക്ഷിയായ ബിജെപി കോൺഗ്രസിന്റെ ആശയങ്ങളെ ഭയപ്പെടുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ഡിഎംകെ മന്ത്രിമാരായ ദുരൈമുരുഗൻ, പി കെ ശേഖര് ബാബു, എം സുബ്രഹ്മണ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ കേന്ദ്ര മന്ത്രി.

തന്റെയും മകന്റെയും സ്വത്തുക്കളിൽ അടുത്തിടെ സിബിഐ നടത്തിയ പരിശോധനയും രാജ്യസഭയിലേക്കുള്ള നോമിനേഷനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് എൻഫോഴ്സ്മെന്റ് ഏജൻസികളെയും സിബിഐയെയും ഇഡിയെയും കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ നൽകേണ്ടതില്ലെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. ബിജെപി ഇ.ഡി പോലുള്ള സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആവർത്തിച്ചു. സാധാരണക്കാരെല്ലാം ഇതേ നിഗമനത്തിൽ എത്തിഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന് തന്നെ പേടിയുണ്ടോ എന്ന ചോദ്യത്തിന്, പേടിക്കാൻ ഞാൻ സിംഹമോ കടുവയോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''കോൺഗ്രസ് പാർട്ടിയെ പ്രതിഫലിപ്പിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങൾ ശക്തമായി ഉറക്കെ പറയുന്ന വ്യക്തിയാണ്''- ചിദംബരം പറഞ്ഞു. കോൺഗ്രസ് രാജ്യസഭ സ്ഥാനാർത്ഥികളെ പ്രഖ്യപിച്ചതിനു പിന്നാലെ ചില വിഭാഗങ്ങളിലുള്ള നിരാശയെക്കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസിന് വിജയിക്കാൻ പത്ത് സീറ്റുകൾ മാത്രമേയുള്ളൂവെന്നും പാർട്ടി സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തുവെന്നും ചിദംബരം മറുപടി നൽകി.

പാർട്ടിയിൽ തന്നേക്കാൾ യോഗ്യതയുള്ള നിരവധി സ്ഥാനാർത്ഥികൾ ഉണ്ടെന്ന് താൻ ആദ്യം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണം അസംബന്ധവും വ്യാജവുമാണെന്നും ചിദംബരം പറഞ്ഞു. ''ഞാൻ ക്രിസ്ത്യൻ സ്‌കൂളുകളിലും കോളേജുകളിലും പഠിച്ചു. ക്രിസ്ത്യൻ സ്‌കൂളുകളിൽ നൂറുകണക്കിന് കുട്ടികളാണ് പഠിക്കുന്നത്. ക്രിസ്ത്യൻ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും പ്രയോജനം നേടിയ നിരവധി തലമുറകളുണ്ട്. ആരും ആരെയും മതം മാറ്റാൻ ശ്രമിച്ചിട്ടില്ല. ഇതൊരു തെറ്റായ ആരോപണമാണ്. ഇത് മുളയിലേ നുള്ളിയെടുക്കണം. തമിഴ്‌നാട്ടിലെ ജനങ്ങൾ അതിനെ മുളയിലേ നുള്ളിക്കളയുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' കോൺഗ്രസ് നേതാവ് പറഞ്ഞു. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ എസ് അഴഗിരി, മുൻ ടിഎൻസിസി പ്രസിഡന്റുമാരായ ഇവികെഎസ് ഇളങ്കോവൻ, കെ വി തങ്കബാലു, എസ് തിരുനാവുക്കരസർ, പാർട്ടി എംഎൽഎമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചിദംബരം പാർട്ടിയുടെ ഐക്യം സൂചിപ്പിച്ച് പത്രിക സമർപ്പിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News