'ഡീപ് സ്റ്റേറ്റിന്‍റെ നവജാത ശിശു,ടിവികെ പാര്‍ട്ടിക്ക് നക്സൽ മാനസികാവസ്ഥ'; വിജയ് നെതിരെ ബിജെപി
നടന്‍റെ രാഷ്ട്രീയ നീക്കങ്ങൾ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു
ചെന്നൈ: നടനും തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷനുമായ വിജയ്നെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് വിനോജ് പി.സെൽവം. തമിഴ്‌നാട്ടിലെ വികസനം സ്തംഭിപ്പിക്കാൻ വിജയ് 'ഡിഎംകെ ശൈലിയിലുള്ള ടൂൾകിറ്റ്' പിന്തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
"ഡീപ് സ്റ്റേറ്റ് ഒരു പുതിയ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു, അദ്ദേഹത്തെ നമ്മൾ നിസ്സാരമായി കാണരുത്. പഴയ കുഞ്ഞ് ഡിഎംകെക്ക് പ്രായമായി. അതിനാൽ വിജയ് പുതിയ ആളാണ്," സെൽവം പറഞ്ഞു. നടന്‍റെ രാഷ്ട്രീയ നീക്കങ്ങൾ പ്രതിപക്ഷത്തായിരിക്കുമ്പോഴുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിരുന്ന് ഡിഎംകെ വികസനം തടഞ്ഞതുപോലെ, വിജയ് എന്ന പുതിയ കുഞ്ഞ് അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും വിനോജ് പറഞ്ഞു.
ബിജെപി നേതാവ് പാണ്ഡ്യന്‍ പറഞ്ഞതു പോലെ ടിവികെ ഒരു നക്‌സല്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്‍റെ പുരോഗതി തടയാനുള്ള ഈ മാനസികാവസ്ഥയെ ബിജെപി വേരോടെ പിഴുതെറിയുമെന്ന് സെൽവം ഇന്ത്യാ ടുഡേ കോൺക്ലേവിൽ വ്യക്തമാക്കി. "2021 ൽ ഡിഎംകെ വോട്ടുകൾ ഭിന്നിപ്പിച്ച് വിജയം നേടാനാണ് കമൽഹാസനെ സൃഷ്ടിച്ചത്. ഇത്തവണ വിജയിൽ അവർ സൃഷ്ടിച്ച രാക്ഷസൻ അവരെ മോശമായി ബാധിക്കും."വർധിച്ചുവരുന്ന ഭരണവിരുദ്ധ വികാരവും ടിവികെയുടെ ഉദയവും ഡിഎംകെയുടെ 2026 ലെ തെരഞ്ഞെടുപ്പിനുള്ള സാധ്യതകളെ തകർക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.