മധ്യപ്രദേശിൽ ബിജെപി മന്ത്രിയുടെ സഹോദരൻ 46 കിലോ കഞ്ചാവുമായി പിടിയിൽ
മന്ത്രിയുടെ സഹോദരീ ഭർത്താവ് കഴിഞ്ഞ ദിവസം പത്തുകിലോ കഞ്ചാവുമായി പിടിയിലായിരുന്നു. മന്ത്രിസഭയിലെ ബിജെപി പ്രതിനിധിയാണ് പ്രതിമ ബാഗ്രി
ബോപ്പാൽ: മധ്യപ്രദേശിലെ സത്‌നയിൽ 46 കിലോ കഞ്ചാവുമായി ബിജെപി മന്ത്രി പ്രതിമ ബാഗ്രിയുടെ സഹോദരൻ അനിൽ ബാഗ്രിയെ അറസ്റ്റിൽ. മറ്റൊരു പ്രതിയായ പങ്കജ് സിങ്ങിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മറൗൺഹ ഗ്രാമത്തിലെ പങ്കജിന്റെ വസതിയിൽ നെല്ല് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പി 9.22 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കള്ളക്കടത്തിന് ഉപയോഗിച്ച വാഹനം മറ്റൊരു പ്രതിയായ ശൈലേന്ദ്ര സിങ് രജാവത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു, ഇയാൾ ഒളിവിലാണ്.
മന്ത്രി പ്രതിമ ബാഗ്രിയുടെ സഹോദരീ ഭർത്താവായ ശൈലേന്ദ്ര സിംഗ് ഉത്തർപ്രദേശിലെ ബന്ദയിൽ 10.5 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായതിന് ദിവസങ്ങൾക്ക് ശേഷമാണ് സഹോദരൻ്റെ അറസ്റ്റ്. മറ്റൊരു എൻഡിപിഎസ് കേസിൽ ശൈലേന്ദ്ര ജയിലിലാണ്, ഏകദേശം 5.5 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയതിനാണ് സത്‌നയിൽ നിന്ന് നേരത്തെ അറസ്റ്റിലായത്.
മയക്കുമരുന്ന് കള്ളക്കടത്തിൽ ബന്ധുക്കൾ പ്രതിയായതിലുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രകോപനപരമായാണ് മന്ത്രിയുടെ മറുപടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെ പങ്കജ് സിംഗിന്റെ മറൗൻഹയിലെ വീട് റെയ്ഡ് ചെയ്തതെന്ന് സത്‌ന പൊലീസ് പറഞ്ഞു. നെല്ലിന്റെ പാളികൾക്കടിയിൽ നാല് വലിയ ചാക്കുകളിലായി 48 പാക്കറ്റ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നു. അനിൽ ബാഗ്രി, ശൈലേന്ദ്ര സിംഗ് രജാവത്ത് എന്നിവർ ചേർന്നാണ് കഞ്ചാവ് കൈമാറിയതെന്ന് ചോദ്യം ചെയ്യലിൽ പങ്കജ് പറഞ്ഞതായും പൊലീസ് പറഞ്ഞു. എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.