എക്സിറ്റ്പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി; യുപിയിലും മണിപ്പൂരിലും ഭരണത്തുടർച്ച

അസം തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ ജയവും ബി.ജെ.പിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്

Update: 2022-03-10 01:40 GMT
Editor : Jaisy Thomas | By : Web Desk

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ബി.ജെ.പി. അസം തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ ജയവും ബി.ജെ.പിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം തള്ളുകയാണ് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും.

അസമില്‍ 977 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 807 സീറ്റും സ്വന്തമാക്കിയാണ് എൻഡിഎയുടെ വിജയം. ബിജെപി 742 സീറ്റിലും അസം ഗണപരിഷത്ത് (എജിപി) 65 സീറ്റിലും വിജയിച്ചു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് 71 സീറ്റിലേ വിജയിക്കാനായുള്ളൂ. യുപിയിലും മണിപ്പൂരിലും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി തരംഗമുണ്ടാകുമെന്നും ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും എക്സിറ്റുപോളുകള്‍ പറയുന്നു. ഗോവയില്‍ തൂക്കുസഭക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Advertising
Advertising

ഫെബ്രുവരി 14നാണ് ഗോവൻ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നാണ് പുറത്തുവരുന്ന എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 40 സീറ്റുകളിലേക്കാണ് ഗോവയിൽ മത്സരം നടക്കുന്നത്. 21 സീറ്റ് നേടിയാൽ അധികാരത്തിലേറാം. ബി.ജെ.പിക്ക് 13 മുതൽ 22 സീറ്റുകൾ വരെ കിട്ടാമെന്നും കോൺഗ്രസിന് 11 മുതൽ 25 സീറ്റുകളിൽ വരെ കിട്ടാൻ സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. അതേ സമയം കോൺഗ്രസും ബിജെപിയും 16 സീറ്റുകൾ വീതം നേടിയേക്കുമെന്നും തൃണമൂൽ രണ്ട് മണ്ഡലങ്ങൾ കരസ്ഥമാക്കുമെന്നും മറ്റുള്ളവർക്ക് ആറ് സീറ്റുകൾ വരെ ലഭിക്കാമെന്നുമാണ് എൻ.ഡി.ടിവി പോൾ ഓഫ് പോൾ സർവെ ഫലം.

രാജ്യം ഉറ്റുനോക്കുന്ന യുപിയില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിലയിരുത്തുന്ന യുപിയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. ഉത്തരാഖണ്ഡിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ചാവും പോരാട്ടമെന്നു പ്രവചനങ്ങളുണ്ട്. മണിപ്പൂരിൽ എക്സിറ്റ് പോള്‍ ഫലം ബി.ജെ.പിക്കൊപ്പമാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News