പഹൽഗാം ഭീകരാക്രമണം: കേന്ദ്രസർക്കാറിന്റെ സുരക്ഷാവിഴ്ചയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനെ മർദിച്ച് ബിജെപി പ്രവർത്തകർ

ദൈനിക് ജാഗരൺ റിപ്പോർട്ടർ രാകേഷ് ശർമ്മയെയാണ് ബിജെപിക്കാർ മർദിച്ചത്. ജമ്മുകശ്മീരിലെ കത്വയിലാണ് ബിജെപിക്കാരുടെ അക്രമം

Update: 2025-04-24 09:01 GMT
Editor : rishad | By : Web Desk

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. കശ്മീരിലെ കത്വയിലാണ് സംഭവം.

ദൈനിക് ജാഗരൺ റിപ്പോർട്ടർ രാകേഷ് ശർമ്മയെയാണ് ബിജെപിക്കാര്‍ മര്‍ദിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. പാര്‍ട്ടി എംഎല്‍എമാരായ ദേവീന്ദർ മന്യാൽ, രാജീവ് ജസ്രോതിയ, ഭരത് ഭൂഷൺ എന്നിവരും പ്രതിഷേധത്തിന് എത്തിയിരുന്നു.

എംഎല്‍എമാരോടാണ് സുരക്ഷാവീഴ്ചയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതില്‍ പ്രകോപതിരായാണ് ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകനെ അക്രമിച്ചത്. വിഘടനവാദത്തിന്റെ ഭാഷയിലാണ് നിങ്ങള്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ് ബിജെപി അംഗം ഹിമാൻഷു ശർമ്മ മാധ്യമപ്രവർത്തകനോട് കയര്‍ത്തുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

''പഹൽഗാമിലും കത്വയിലും ഉള്‍പ്പെടെ തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടില്ലേ എന്നായിരുന്നു എംഎല്‍എമാരോടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പിന്നാലെയായിരുന്നു അക്രമം. പൊലീസ് ഇടപെട്ടാണ് മാധ്യമപ്രവര്‍ത്തകനെ രക്ഷിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ജമ്മുവിലെ മാധ്യമപ്രവര്‍ത്തകര്‍ കത്വ സീനിയർ പൊലീസ് സൂപ്രണ്ട് ശോഭിത് സക്‌സേനയെ കണ്ടു. അതേസമയം പ്രതികൾക്കെതിരെ പാർട്ടി നടപടിയെടുക്കുന്നതുവരെ ബിജെപിയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കുമെന്നും ജമ്മുവിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News