മുസ്‌ലിംകൾക്കെതിരെ തോക്കുചൂണ്ടി നിൽക്കുന്ന അസം മുഖ്യമന്ത്രിയുടെ വിവാദ വിഡിയോ: ബിജെപിയുടെ സോഷ്യല്‍ മീഡിയ കൺവീനറെ പുറത്താക്കി

വിഡിയോക്കെതിരെ വ്യാപക പ്രതിഷേധവും വിമർശനവുമാണ് ഹിമന്തയ്ക്കും ബിജെപിക്കുമെതിരെ ഉണ്ടായത്

Update: 2026-02-13 03:00 GMT
Editor : ലിസി. പി | By : Web Desk

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിവാദ വിഡിയോയ്ക്ക് പിന്നാലെ ബിജെപിയുടെ സാമൂഹ്യ മാധ്യമ കൺവീനറെ പുറത്താക്കി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മുസ്‌ലിംകൾക്കെതിരെ തോക്കുചൂണ്ടി നിൽക്കുന്ന വിവാദ വിഡിയോ സൃഷ്ടിച്ചതിനാണ് നടപടി. റോൺ വികാസ് ഗൗരവിനെയാണ് പുറത്താക്കിയത്. 

ഹിമന്ത ബിശ്വ ശർമക്കെതിരെ അഭിഭാഷകര്‍,ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടക്കമുള്ളവര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ സാമൂഹ്യ മാധ്യമ കൺവീനറെ പുറത്താക്കിയത്. 

അസം ബിജെപിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുന്ന ഹിമന്തയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. 'പോയിന്റ് ബ്ലാങ്ക് ഷൂട്ട്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.  ബംഗാളി മുസ്‌ലിംകൾക്കെതിരെ ഹിമന്തയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് വീഡിയോ. തോക്ക് പിടിച്ചുനിൽക്കുന്ന മുഖ്യമന്ത്രി എഐ വഴി നിർമിച്ച മുസ്‌ലിംകളുടെ ഫോട്ടോക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Advertising
Advertising

വിഡിയോക്കെതിരെ വ്യാപക പ്രതിഷേധവും വിമർശനവുമാണ് ഹിമന്തയ്ക്കും ബിജെപിക്കുമെതിരെ ഉണ്ടായത്. ഹിമന്തയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും സിപിഐഎമ്മും സിപിഐയും അടക്കം രംഗത്തെത്തി. ഹിമന്തയുടേത് ഫാസിസത്തിന്റെ മുഖമാണെന്നും കൂട്ട ആക്രമണത്തിനും വംശഹത്യക്കുള്ള ആഹ്വാനവുമാണെന്നും കോൺ​ഗ്രസ് വിമർശിച്ചു. സംഭവത്തിൽ ഹിമന്തയ്ക്കെതിരെ കോടതി ശക്തമായ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

ബംഗാളി മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ നേരത്തെയും ഹിമന്ത ബിശ്വ ശർമക്കെതിരെ വലിയ വിമർശനമുയർന്നിരുന്നു. ദിഗ്ബോയിയിൽ നടന്ന ഒരു പരിപാടിയിൽ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ 'മിയ വിഭാഗത്തിലുള്ളവരെ കഷ്ടപ്പെടുത്താൻ' താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബംഗാളി മുസ്‌ലിംകളെ 'ബുദ്ധിമുട്ടിക്കണം' എന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. 'മിയ മുസ്‌ലിമിന്റെ' ഓട്ടോ വിളിച്ചാൽ വാടക അഞ്ച് രൂപയാണെങ്കിൽ നാല് രൂപ മാത്രം നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി എംപി ഹൈദരാബാദ് പൊലീസിന് പരാതി നൽകിയിരുന്നു. വിഡിയോ അക്രമോത്സുകവും പ്രകോപനപരവുമാണെന്നും ഹിമന്തയ്ക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News