ആരിഫിനെ കണ്ട് മതിമറന്ന് സാരസ് കൊക്ക്; ഉറ്റ സുഹൃത്തുക്കളെ ഒരുമിപ്പിക്കണമെന്ന് വരുണ്‍ ഗാന്ധി

വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ കൊക്കിനെ കാണാന്‍ ആരിഫ് കഴിഞ്ഞ ദിവസം കാണ്‍പൂരിലെത്തിയിരുന്നു

Update: 2023-04-12 07:08 GMT
Editor : Jaisy Thomas | By : Web Desk

ആരിഫ് സാരസ് കൊക്കിനൊപ്പം

കാണ്‍പൂര്‍: യുപി സ്വദേശിയായ മുഹമ്മദ് ആരിഫും സാരസ് കൊക്കും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്‍റെ കഥ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ കൊക്കിനെ കാണാന്‍ ആരിഫ് കഴിഞ്ഞ ദിവസം കാണ്‍പൂരിലെത്തിയിരുന്നു. യുവാവിനെ കണ്ട് സന്തോഷത്തില്‍ തുള്ളിച്ചാടുന്ന കൊക്കിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇണ പിരിയാത്ത സുഹൃത്തുക്കളെ ഒരുമിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി.

''അവരുടെ സ്നേഹം ശുദ്ധമാണ്. ഈ പക്ഷി ഒരിക്കലും ഒരു കൂട്ടില്‍ കഴിയേണ്ടതല്ല, സ്വതന്ത്രമായി പറക്കേണ്ടതാണ്. പക്ഷിക്ക് അതിന്‍റെ ആകാശവും സ്വാതന്ത്ര്യവും സുഹൃത്തിനെയും തിരികെ നല്‍കുക'' ആരിഫിന്‍റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സാരസ് കൊക്കിനെ കാണ്‍പൂരിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയതിനു പിന്നാീലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ആരിഫ് ഖാനെ കണ്ടിരുന്നു.മറ്റുള്ളവരെ സങ്കടപ്പെടുത്തി നൽകി ബി.ജെ.പി സന്തോഷം കണ്ടെത്തുന്നുവെന്നാണ് യുപി വനംവകുപ്പിന്‍റെ നടപടി കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Advertising
Advertising

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സൗഹൃദത്തെ തകര്‍ത്താണ് സാരസ് കൊക്കിനെ കാണ്‍പൂരിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ആരിഫ് കാണാനെത്തിയപ്പോള്‍ കൂട്ടില്‍ നിന്ന് ചിറകുവിടര്‍ത്തിയും ചാടിയുമാണ് സാരസ് കൊക്ക് സന്തോഷം പ്രകടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആരിഫും കൊക്കും തമ്മിലുള്ള ബന്ധം ഉടലെടുക്കുന്നത്. കാലിന് പരിക്കേറ്റ നിലയിലാണ് സാരസ് കൊക്കിനെ 30 കാരനായ ആരിഫ് കണ്ടെത്തുന്നത്. വേദനയില്‍ പുളഞ്ഞ പക്ഷിയെ ആരിഫ് ശുശ്രൂഷിക്കുകയും തനിക്കൊപ്പം താമസിപ്പിക്കുകയും ചെയ്തു. പരിക്ക് മാറി ആരോഗ്യം വീണ്ടെടുത്ത സാരസ് കൊക്കിനെ ആരിഫ് തിരികെ വിട്ടു. മനുഷ്യരോട് പൊതുവേ ഇണങ്ങാത്ത പ്രകൃതമാണ് സാരസ് കൊക്കുകള്‍ക്ക്. അതുകൊണ്ട് പക്ഷി തിരികെ വരില്ലെന്നാണ് ആരിഫ് കരുതിയത്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി സാരസ് കൊക്ക് തിരികെ വന്നു. അന്നുമുതല്‍ തുടങ്ങിയ സൗഹൃദമാണ് ആരിഫും പക്ഷിയും തമ്മില്‍.

എവിടെ പോയാലും ആരിഫിനൊപ്പം സാരസുമുണ്ടാകും പകല്‍ മുഴുവന്‍ മറ്റെവിടെയെങ്കിലും പോയാലും നേരമിരുട്ടിയാല്‍ പക്ഷി ആരിഫിന്റെ വീട്ടിലെത്തും. ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന ആരിഫിനൊപ്പമാണ് രാത്രി ഭക്ഷണവും. ഹാര്‍വസ്റ്റിങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ആരിഫ് സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നാലെ പറക്കുന്ന സാരസ് കൊക്ക് ഗ്രാമീണര്‍ക്ക് പതിവ് കാഴ്ചയായിരുന്നു. ആരിഫും കൊക്കും തമ്മിലുള്ള സൗഹൃദം ഗ്രാമവാസികള്‍ക്കും കൗതുകമായിരുന്നു. നീണ്ട കഴുത്തുകളോടും കാലുകളോടും കൂടിയ ഒരിനം ക്രൗഞ്ചപക്ഷിയാണ് സാരസ കൊക്ക്. ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കേ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മീൻ, ഉഭയജീവികൾ, ഷഡ്‌പദങ്ങൾ, ധാന്യങ്ങൾ, കായകൾ എന്നിവയാണ്‌ ഇവയുടെ ആഹാരം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News