ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകയെ കഴുത്തറുത്ത് കൊന്നു
സജീവ തൃണമൂൽ പ്രവർത്തകയായ സുചിത്ര മണ്ഡൽ ആണ് കൊല്ലപ്പെട്ടത്.
Update: 2023-02-12 10:24 GMT
Crime
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകയെ കഴുത്തറുത്ത് കൊന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിങ് നഗരത്തിലാണ് സംഭവം. സജീവ തൃണമൂൽ പ്രവർത്തകയായ സുചിത്ര മണ്ഡൽ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഉരുളക്കിഴങ്ങ് തോട്ടം സന്ദർശിക്കാനായി കാനിങ്ങിലെത്തിയ സുചിത്രയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴുത്തിൽ ആഴമേറിയ മുറിവുകളുണ്ടായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.