തമിഴ്‌നാട്ടിൽ പിഎംകെ ഓഫീസിലേക്ക് ബോംബെറിഞ്ഞു; ബാത്ത്റൂമിൽ കയറി രക്ഷപ്പെട്ട് നേതാവ്
ബാത്ത്‌റൂമിൽ കയറി വാതിലടച്ചതിനാൽ പിഎംകെ നേതാവ് എം.എ സ്റ്റാലിൻ രക്ഷപ്പെട്ടു. സഹായികൾക്ക് പരിക്കേറ്റു
ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രാദേശിക നേതാവിന് നേരെ ബോംബ് എറിഞ്ഞു. പിഎംകെ നേതാവും തഞ്ചാവൂർ ജില്ലയിലെ ഒരു ടൗൺ പഞ്ചായത്ത് പ്രസിഡന്റുമായ എം.എ സ്റ്റാലിന് നേരെയാണ് ആക്രമണം.
അദ്ദേഹം ഓഫീസിലിരിക്കുമ്പോള്‍ പുറത്ത് നിന്നെത്തിയ അജ്ഞാത സംഘം ബോംബെറിയുകയായിരുന്നു. ബാത്ത് റൂമില്‍ കയറി വാതിലടച്ചതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടു. സഹായികള്‍ക്ക് പരിക്കേറ്റു. ഇന്നലെയാണ്(വ്യാഴാഴ്ച)സംഭവം. ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെന്തെന്ന് വ്യക്തമല്ല. അന്വേഷിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്.
ബാത്ത്റൂമില്‍ കയറി കുറ്റിയിട്ടതിനാലാണ് രക്ഷപ്പെട്ടതെന്നും അല്ലെങ്കില്‍ കൊല്ലപ്പെടുമായിരുന്നുവെന്നും എം.എ സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം ആക്രമണത്തിന് പിന്നാലെ പിഎംകെ പ്രതിഷേധവുമായി രംഗത്ത് എത്തി. ടയറുകൾ കത്തിച്ചും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും അംഗങ്ങള്‍ പ്രതിഷേധിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച പിഎംകെ നേതാവ് അൻബുമണി രാമദോസ്, സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും ഭരണകക്ഷിയായ ഡിഎംകെയാണ് ഇതിന് ഉത്തരവാദികളെന്നും ആരോപിച്ചു.
പിഎംകെ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനും ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള രംഗത്ത് എത്തി. വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് പരമാവധി ശ്രമിച്ചിട്ടും, ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നത് വ്യക്തിപരമായ ഉദ്ദേശ്യങ്ങൾ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.