ബുള്ളി ബായ് ആപ്പ്: ഒരാൾ കൂടി മുംബൈയില്‍ അറസ്റ്റിൽ

കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ ഉത്തരാഖണ്ഡ് സ്വദേശി ശ്വേത സിംഗ്, ബംഗളൂരു സ്വദേശി വിശാൽ കുമാർ എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Update: 2022-01-05 05:44 GMT
Editor : ijas
Advertising

മുസ്‍ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ബുള്ളി ബായ് ആപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 21 കാരൻ ശുഭം റാവത്തിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ ഉത്തരാഖണ്ഡ് സ്വദേശി ശ്വേത സിംഗ്, ബംഗളൂരു സ്വദേശി വിശാൽ കുമാർ എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശാലിനെ ബെംഗളൂരുവിൽ വെച്ചാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ആപ്പിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അധിക്ഷേപത്തിനിരയായ മലയാളി പെണ്‍കുട്ടികള്‍ പറഞ്ഞു.

പുതുവർഷത്തിൽ ജനുവരി ഒന്നിനാണ് 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ പ്രശസ്തരായ നൂറോളം മുസ്ലിം വനിതകളെ വിൽപനക്ക് വെച്ച സംഭവം വിവാദമായത്. വിഖ്യാത നർത്തകിയും നടിയുമായ ശബാന ആസ്മി, ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ, ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്‌റ, മാധ്യമപ്രവർത്തക ഖുർറത്തുൽഐൻ റെഹ്ബർ, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തുവന്ന 'സുള്ളി ഡീൽസ്' എന്ന ആപ്പിന്റെ മറ്റൊരു പതിപ്പാണ് 'ബുള്ളി ബായ്'. ഹിന്ദുത്വ വർഗീയവാദികൾ മുസ്ലിം വനിതകളെ അധിക്ഷേപിച്ച് വിളിക്കാൻ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'. സുള്ളി ഓഫ് ദ ഡേ എന്ന പ്രയോഗംവെച്ചാണ് സ്ത്രീകളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. ഗിറ്റ്ഹബ്ബ് എന്ന പ്ലാറ്റ്ഫോം വഴി ഹോസ്റ്റ് ചെയ്യുന്ന ആപ്പാണ് 'ബുള്ളി ബായ്'. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News