'നിങ്ങൾ അർഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം വലുതായിരുന്നു'; പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി ബൈജൂസ്

ഇത്തവണ, നിങ്ങൾ അർഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം അതിലും വലുതായിരുന്നു

Update: 2024-02-05 09:55 GMT
Editor : Jaisy Thomas | By : Web Desk

ബൈജു രവീന്ദ്രന്‍

Advertising

ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസ് ജീവനക്കാര്‍ക്ക് ജനുവരിയിലെ ശമ്പളം നല്‍കി. കഴിഞ്ഞ ഞായറാഴ്ചയാണ് ശമ്പളം നല്‍കിയത്. വിഷമഘട്ടങ്ങളില്‍ തളര്‍ന്നുപോകാത്തതിന് തന്‍റെ ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ബൈജൂസിന്‍റെ ഉടമ ബൈജു രവീന്ദ്രന്‍ അയച്ച ഇ-മെയിലില്‍ ശമ്പളത്തുക കണ്ടെത്തുന്നതിനായി തനിക്ക് 'മലകളെ തന്നെ നീക്കേണ്ടി വന്നു' എന്നു കുറിച്ചു.

ശമ്പളം നൽകാമെന്ന് കമ്പനി ഉറപ്പുനൽകിയ ഒരു ദിവസം മുമ്പ് ശമ്പളം നൽകിയിട്ടുണ്ടെന്ന് കമ്പനിയുടെ സിഇഒ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് അയച്ച കത്തിൽ അറിയിച്ചു.ശമ്പളത്തിനായി തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ബൈജു നേരത്തെ ജീവനക്കാരോട് പറഞ്ഞിരുന്നത്. എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാനായി വന്‍ മലകളെ തന്നെ നീക്കേണ്ടി വന്നുവെന്നും മെയിലില്‍ പറയുന്നു. ''ഇത്തവണ, നിങ്ങൾ അർഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം അതിലും വലുതായിരുന്നു'' ബൈജു കുറിച്ചു. ഏകദേശം 70 കോടി രൂപയാണ് ശമ്പളയിനത്തില്‍ ബൈജു നല്‍കിയതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഷ്ടപ്പാടുകൾക്കിടയിലും തളരാതെ കമ്പനിക്ക് വേണ്ടി ജോലിയിൽ തുടരുന്ന തൻ്റെ ജീവനക്കാർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിക്കിടെ ഓഹരി ഉടമകള്‍ക്ക് ഈയിടെ ബൈജു രവീന്ദ്രന്‍ കത്തയിച്ചിരുന്നു. അപ്രതീക്ഷിതമായേറ്റ അടിയില്‍ തന്‍റെ ശിരസില്‍ നിന്നും രക്തം വാര്‍ന്നു വരുന്നുണ്ടെങ്കിലും തന്‍റെ തല കുനിഞ്ഞിട്ടില്ലെന്ന് ബൈജു അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഒരുകാലത്ത് ഏകദേശം 5 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന് ഇപ്പോള്‍ 400 മില്യണ്‍ ഡോളര്‍ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓഹരി വിൽപനയിലൂടെ സമാഹരിച്ച 800 മില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ കടക്കാരനാക്കിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 120 കോടി ഡോളറിന്‍റെ (ഏകദേശം 10,000 കോടി രൂപ) വായ്പ ബൈജൂസ് തിരിച്ചടക്കാനുണ്ടായിരുന്നു. ഇത് ആറുമാസത്തിനകം അടയ്ക്കുമെന്നാണ് ബൈജൂസിന്‍റെ വാഗ്ദാനം. സാമ്പത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കുള്ള പിരിച്ചുവിടല്‍ ആനുകൂല്യം ഇതുവരെ നല്‍കിയിട്ടില്ല. കൂടുതല്‍ ജീവനക്കാരെ കുറയ്ക്കാനും നീക്കമുണ്ട്. 310 അംഗ എഞ്ചിനിയറിംഗ് ടീമിലെ 40 ശതമാനത്തോളം പേരെ ബൈജൂസ് പിരിച്ചുവിട്ടേക്കുമെന്ന് ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ബൈജൂസിന്‍റെ ഓഫീസുകളിലും ബൈജു രവീന്ദ്രന്‍റെ വസതിയിലും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്‍റെ കമ്പനിയായ 'തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി'നും എതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്ന് ഇഡി അധികൃതർ വ്യക്തമാക്കിയിരുന്നു. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ കമ്പനി അയച്ചിട്ടുണ്ടെന്നും ഇഡി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News