‘കൂപ്പുകൈകളോടെ അപേക്ഷിക്കുകയാണ്, അഗ്നിവീർ പദ്ധതി അവസാനിപ്പിക്കണം’ -ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ മാതാവ്

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മാതാവിന്റെ പ്രതികരണം

Update: 2024-07-09 11:12 GMT

റായ്ബറേലി: ഇന്ത്യൻ ആർമിയിലേക്ക് താൽക്കാലികമായി സൈനികരെ നിയമിക്കുന്ന അഗ്നിവീർ പദ്ധതി അവസാനിപ്പിക്കണമെന്ന് വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ മാതാവ്. ‘സർക്കാർ അഗ്നിവീർ പദ്ധതി അവസാനിപ്പിക്കണമെന്ന് കൂപ്പുകൈകളോടെ ഞാൻ അപേക്ഷിക്കുകയാണ്. നാല് വർഷത്തേക്ക് മാത്രമാണ് നിയമനം. ഇത് ശരിയല്ല. പെൻഷൻ, കാന്റീൻ തുടങ്ങി ഒരു സൈനികന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും തുടരണം’ -മാതാവ് മഞ്ജു സിങ് പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി റായ്ബറേലിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മഞ്ജു സിങ്ങിന്റെ അഭ്യർഥന.

Advertising
Advertising

ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര രാഷ്ട്രപതി ദ്രൗപതി മുർമു ജൂലൈ അഞ്ചിന് സമ്മാനിച്ചിരുന്നു. 2023 ജൂലൈയിൽ സിയാച്ചിനിലുണ്ടായ തീപിടിത്തത്തിലാണ് അൻഷുമാൻ സിങ് വിരമൃത്യു വരിക്കുന്നത്. പഞ്ചാബ് റെജിമെന്റിലെ 26ാം ബറ്റാലിയൻ മെഡിക്കൽ വിഭാഗത്തിലാണ് ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.

സ്ഫോടക വസ്തുക്കൾക്ക് സമീപം തീപിടിത്തം ഉണ്ടായതോടെ ആരോഗ്യ കേന്ദ്രത്തിലെ മരുന്നുകൾ നീക്കുന്നതിനിടെ ​​പൊള്ള​ലേൽക്കുകയായിരുന്നു. ഇവിടെ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷിച്ചശേഷമാണ് മരുന്നുകൾ മാറ്റാൻ ശ്രമിച്ചത്. പുണെയിലെ ആംഡ് ഫോഴ്സെസ് മെഡിക്കൽ കോളജിൽനിന്നാണ് അൻഷുമാൻ ബിരുദം നേടിയത്.

സിയാച്ചിനിലേത് ആദ്യ പോസ്റ്റിങ്ങായിരുന്നു. മരണത്തിന്റെ രണ്ട് മാസം മുമ്പാണ് അൻഷുമാനും സ്മൃതി സിങ്ങും തമ്മിലെ വിവാഹം നടക്കുന്നത്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. കീർത്തിചക്ര സമ്മാനിച്ച ശേഷം ഭർത്താവിനെക്കുറിച്ച് സ്മൃതി ഓർമകൾ പങ്കുവെക്കുന്ന വിഡിയോ ആർമി പുറത്തുവിട്ടിരുന്നു.

അൻഷുമാൻ സിങ്ങിന്റെ പിതാവ് രവി പ്രതാപ് സിങ്ങും മഞ്ജു സിങ്ങുമാണ് ചൊവ്വാഴ്ച രാഹുൽ ഗാന്ധിയെ സന്ദർശിച്ചത്. അഗ്നിവീർ പദ്ധതിക്കെതിരെ ലോക്സഭയിൽ രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര സമ്മാനിക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധിയും പ​ങ്കെടുത്തിരുന്നു.

തുടർന്ന് മഞ്ജു സിങ് രാഹുലിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ചയുണ്ടായത്. സൈന്യത്തെക്കുറിച്ചും അഗ്നിപഥ് പദ്ധതിയെക്കുറിച്ചുമായിരുന്നു രാഹുലുമായി കാര്യമായും ചർച്ച നടത്തിയതെന്ന് മഞ്ജു സിങ് പറഞ്ഞു. ‘അദ്ദേഹം പറയുന്നത് ശരിയാണ്. രണ്ട് തരത്തിലുള്ള സൈനികർ ഉണ്ടാകാൻ പാടില്ല. അദ്ദേഹം പറഞ്ഞത് സർക്കാർ കേൾക്കണം’ -അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News