Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
ചണ്ഡിഗഢ്: മകന്റെ മരണത്തില്‍ മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റസിയ സുല്‍ത്താനയ്ക്കും മുന്‍ ഡിജിപിയുമായ ഭര്‍ത്താവ് മുഹമ്മദ് മുസ്തഫയ്ക്കുമെതിരെ കേസ്. 33കാരനായ അഖില്‍ അക്തറിന്റെ കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി വൈകിയാണ് അഖിലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിനു കാരണമെന്ന് കുടുംബം അറിയിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ചില മരുന്നുകൾ കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്ന് പൊലീസും പറഞ്ഞു.
എന്നാൽ മരണത്തിന് പിന്നാലെ അഖിൽ റെക്കോർഡ് ചെയ്തുവച്ചിരുന്ന വിഡിയോകൾ പുറത്തുവന്നതാണ് കേസില്‍ നിര്‍ണായകമായത്. തന്റെ ഭാര്യയ്ക്ക് പിതാവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും തനിക്ക് വധഭീഷണിയുണ്ടെന്നും അഖിൽ വീഡിയോയിൽ വിശദമാക്കിയിരുന്നു. തനിക്കെതിരായ ഗൂഢാലോചനയില്‍ അമ്മ റസിയയും സഹോദരിയും പങ്കാളികളാണെന്ന് അഖില്‍ ആരോപിച്ചു.
മറ്റൊരു വിഡിയോയിൽ കുടുംബാംഗങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്റെ മാനസിക പ്രശ്നങ്ങൾകൊണ്ട് ചെയ്തതാണെന്നും തന്നോട് ക്ഷമിക്കണമെന്നും അഖിൽ പറഞ്ഞു. ഈ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായതിന് പിന്നാലെയാണ് കുടുംബാംഗങ്ങൾക്കെതിരെ കേസ് എടുത്തതെന്നാണ് ഡപ്യൂട്ടി കമ്മിഷണർ സൃഷ്ടി ഗുപ്ത വിശദമാക്കുന്നത്.
അഖിലിന്റെ മരണത്തില്‍ ആദ്യഘട്ടത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. അഖിലിന്റെ സാമൂഹികമാധ്യമ പോസ്റ്റുകളും ചില ഫോട്ടോഗ്രാഫുകളും ചില സംശയങ്ങള്‍ ഉയര്‍ത്തി. തുടര്‍ന്നാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്നും അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചതായും സൃഷ്ടി ഗുപ്ത പറഞ്ഞു.