സ്വകാര്യ മെഡിക്കൽ കോളജുകളുടെ അംഗീകാരത്തിനായി അനുകൂല റിപ്പോര്‍ട്ട്; 55ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഡോക്ടർമാരടക്കം ആറുപേരെ സിബിഐ അറസ്റ്റ് ചെയ്തു
കൈക്കൂലി കൈമാറുന്നതിനിടെ ബെംഗളൂരു വെച്ചാണ് പ്രതികള്‍ അറസ്റ്റിലായത്
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകളുടെ അംഗീകാരത്തിനായി 55ലക്ഷം രൂപ കൈക്കൂലി വാങ്ങി അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടർമാരടക്കം ആറുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 40 ലധികം സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.
ഛത്തീസ്ഗഡിലെ നവ റായ്പൂരിലുള്ള ശ്രീ റാവത്പുര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ചിന്റെ അംഗീകാരത്തിനായി കൈക്കൂലി വാങ്ങി അനുകൂല റിപ്പോര്‍ട്ട് നല്‍കിയ മൂന്ന് ഡോക്ടര്‍മാരാണ് അറസ്റ്റിലായിരിക്കുന്നത്. ആശുപത്രിയുടെ ഭാരവാഹികൾക്കെതിരെയും മറ്റ് ഇടനിലക്കാർക്കുമെതിരെയും നിയമപരമായ പരിശോധനാ പ്രക്രിയയിൽ കൃത്രിമം കാണിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
55 ലക്ഷം രൂപ കൈക്കൂലി കൈമാറുന്നതിനിടെ ബെംഗളൂരു വെച്ചാണ് പ്രതികള്‍ അറസ്റ്റിലായത്.കൈക്കൂലി വാങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ ലഭിച്ചതിന് പിന്നാലെ ഡോക്ടർമാരെയും മെഡിക്കൽ കോളജ് അധികൃതരെയും കുടുക്കാനായി സിബിഐ കെണിയൊരുക്കുകയായിരുന്നു. പരിശോധന നടത്തി അനുകൂല റിപ്പോര്‍ട്ട് നല്‍കുന്നതിന് കൈക്കൂലിതുക ബെംഗളൂരുവിലെത്തിക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. ഇതനുസരിച്ച് കൈക്കൂലി തുക ബെംഗളൂരുവിൽ എത്തിച്ചു. തെളിവ് സഹിതമാണ് പ്രതികളെ പിടികൂടിയതെന്നും സിബിഐ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ അതത് അധികാരപരിധിയിലുള്ള യോഗ്യതയുള്ള കോടതികൾക്ക് മുന്നിൽ ഹാജരാക്കുമെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു.
ഡോക്ടർമാരെ നിയമവിരുദ്ധമായി സ്വാധീനിച്ചുകൊണ്ട് പരിശോധനാ പ്രക്രിയയിൽ കൃത്രിമം കാണിക്കാൻ പ്രതികൾ വിവിധ രീതികൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.