കേരളത്തെ തീവ്രവാദത്തെ പിന്തുണക്കുന്ന സംസ്ഥാനമായി ചിത്രീകരിക്കുന്നു; കേരള സ്റ്റോറി അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചെന്നൈ മാധ്യമപ്രവര്‍ത്തകന്‍

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ അനുമതിയില്ലാതെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്

Update: 2023-04-27 04:54 GMT
Editor : Jaisy Thomas | By : Web Desk

കേരള സ്റ്റോറിയുടെ പോസ്റ്റര്‍

Advertising

ചെന്നൈ: അടുത്ത മാസം തിയറ്ററുകളിലെത്താന്‍ പോകുന്ന ഹിന്ദി ചിത്രം 'കേരള സ്റ്റോറി' വീണ്ടും വിവാദക്കുരുക്കില്‍.  ചിത്രത്തിന്‍റെ ടീസർ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ചെന്നൈയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ അരവിന്ദാക്ഷൻ ബി.ആർ രംഗത്തെത്തിയിരിക്കുകയാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ അനുമതിയില്ലാതെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അരവിന്ദാക്ഷന്‍ നല്‍‌കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.


ചിത്രം കേരളത്തെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന സംസ്ഥാനമായി ചിത്രീകരിക്കുന്നുവെന്ന് അരവിന്ദാക്ഷന്‍റെ ട്വീറ്റില്‍ പറയുന്നു. "കേരളത്തെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന സംസ്ഥാനമായി ചിത്രീകരിക്കുന്നു. ഇത് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളിലുള്ള വിശ്വാസം തകർക്കുന്നു. അതിനാൽ കേരള സർക്കാർ ഉചിതമായ നടപടികൾ കൈക്കൊള്ളണം." അരവിന്ദാക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു. കേരളത്തെ തീവ്രവാദത്തിന്‍റെ നാടായി ചിത്രീകരിക്കുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് കഴിഞ്ഞ വർഷം നവംബറില്‍ അരവിന്ദാക്ഷന്‍ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. ചിത്രത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഇയാള്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരിക്കുകയാണ് അരവിന്ദാക്ഷന്‍."കേരളത്തെ തീവ്രവാദത്തിന്‍റെ നാടായി ചിത്രീകരിക്കുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. സിബിഎഫ്‌സിയുടെ ശരിയായ സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെ നിയമവിരുദ്ധമായി ടീസർ പുറത്തിറക്കിയ സൺഷൈൻ പിക്‌ചേഴ്‌സ് കമ്പനിക്കും ചിത്രത്തിന്‍റെ സംവിധായകൻ സുദീപ്തോ സെന്നിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.2023 മെയ് 5ന് ചിത്രം റിലീസ് ചെയ്യുന്നത് തടയാൻ നിയമനടപടി സ്വീകരിക്കാൻ ഞാൻ കേരള സർക്കാരിനോട് വിനീതമായി അഭ്യർഥിക്കുന്നു. കേരള സ്റ്റോറി എന്ന സിനിമയുടെ ടീസറിന് സിബിഎഫ്‌സി സെൻസർ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് എന്‍റെ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയില്‍ പറയുന്നു. രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുകയും സാമൂഹിക സമാധാനം തകർക്കുകയും ചെയ്യുന്ന ടീസർ ശരിയായ അനുമതിയില്ലാതെയാണ് റിലീസ് ചെയ്തിരിക്കുന്നത്'' അരവിന്ദാക്ഷൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.



സിനിമക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ കേരള പൊലീസ് കേസെടുത്തിരുന്നു. കേരള പൊലീസിന്‍റെ ഹൈടെക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നായിരുന്നു നിർദേശം. സിനിമയുടെ ടീസറിൽ നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്നായിരുന്നു ഹൈടെക് സെൽ റിപ്പോർട്ട്. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് 'കേരളാ സ്റ്റോറി'യുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.

വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്തോ സെൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. നഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തില്‍പ്പെടുകയായിരുന്നു എന്നാണ് ടീസർ പറയുന്നത്. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്. മെയ് 5നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News