ഫോൺ കണ്ടെത്താൻ ഡാമിലെ വെള്ളം വറ്റിച്ച സംഭവം; സസ്പെന്‍ഷന് പിന്നാലെ ഉദ്യോഗസ്ഥന് 53,000 രൂപ പിഴ ചുമത്തി

96,000 രൂപ വിലയുള്ള ഫോണാണ് സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ ഡാമിൽ വീണത്

Update: 2023-05-31 02:20 GMT
Editor : Lissy P | By : Web Desk

റായ്പൂർ: അണക്കെട്ടിൽ വീണ മൊബൈൽ ഫോൺ കണ്ടെത്താൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥന് പിഴ ചുമത്തി ജലവിഭവ വകുപ്പ്. 53,092 രൂപ പിഴയായി അടക്കാൻ ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ഫുഡ് ഇൻസ്പെക്ടറായ രാജേഷ് വിശ്വാസിനാണ് പിഴ ഈടാക്കിയത്.ജഗദൽപൂർ ഡിവിഷണൽ ഓഫീസിൽ 10 ദിവസത്തിനകം പിഴ അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോയ്‌ലിബെഡ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥനായ രാജേഷിന്റെ 96,000 രൂപ വിലയുള്ള ഫോണാണ് സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ ഡാമിൽ വീണത്. നാട്ടുകാർ വെള്ളത്തിൽ മുങ്ങിത്തപ്പിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മോട്ടോർ പമ്പുകൾ കൊണ്ടുവന്ന് അണക്കെട്ടിലെ വെള്ളം പുറത്തേക്ക് അടിക്കാനായി രാജേഷ് നിർദേശം നൽകി. മൂന്ന് ദിവസമെടുത്താണ് വെള്ളം പൂർണമായി അടിച്ചൊഴിവാക്കിയത്. തുടർന്ന് ജലഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇത് തടഞ്ഞത്.നഷ്ടപ്പെട്ട ഫോൺ കണ്ടെത്തിയെങ്കിലും ഉപയോഗ ശൂന്യമായിരുന്നു.

Advertising
Advertising

പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥനെ കാങ്കർ ജില്ലാ കലക്ടർ സസ്‌പെൻഡ് ചെയ്തിരുന്നു. 1500 ഏക്കറോളം കൃഷി ഭൂമിയിൽ ജലസേചനത്തിന് ഉപയോഗിക്കേണ്ട വെള്ളമാണ് ഉദ്യോഗസ്ഥൻ വെറുതെ അടിച്ചുകളഞ്ഞത്.  അതേസമയം, താൻ മുതിർന്ന ഉദ്യോഗസ്ഥന്റെ അനുമതിയോടെയാണ് വെള്ളം വറ്റിച്ചതെന്നും അത് ഉപയോഗശൂന്യമായ വെള്ളമായിരുന്നെന്നുമായിരുന്നു സംഭവത്തിൽ ഇയാളുടെ വിശദീകരണം.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News