'എല്ലാത്തരം ഭീകരതയേയും എതിർക്കുന്നു'; പഹൽഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ചൈന

സാധാരണക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തത് അംഗീകരിക്കാനാവില്ലെന്ന് യുഎന്‍

Update: 2025-04-23 06:32 GMT
Editor : Lissy P | By : Web Desk

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ചൈന. എല്ലാത്തരം ഭീകരതയേയും എതിർക്കുന്നുവെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി അറിയിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇരകൾക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായും ചൈന അറിയിച്ചു.

 ഭീകരാക്രമണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് യു. എന്‍ ചീഫ് സെക്രട്ടറി അന്‌റോണിയോ ഗുട്ടെറസ് രംഗത്തെത്തി. സാധാരണക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.

Advertising
Advertising

'കശ്മീരിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഭീകരതയ്ക്കെതിരെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു,' ട്രംപ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു.

ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്കായി ഞങ്ങൾ പ്രാർഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞങ്ങളുടെ പൂർണ്ണ പിന്തുണ അറിയിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

ഹീന കൃത്യത്തിന് ന്യായീകരണമില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് പുടിൻ പ്രതികരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി മോദിയെയും വിളിച്ചാണ് പുടിൻ ആക്രമണത്തെ അപലപിച്ചത്.'ക്രൂരമായ കുറ്റകൃത്യത്തിന്' യാതൊരു ന്യായീകരണവുമില്ലെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും പുടിൻ പറഞ്ഞു. 'പഹൽഗാമിലെ ഭീകരാക്രമണത്തിൽ ഇരകളായവർ വിവിധ രാജ്യങ്ങളിലെ പൗരന്മാരായിരുന്നു. ആത്മാർഥമായ ദുഖം രേഖപ്പെടുത്തുന്നതായും പുടിൻ അറിയിച്ചു. 'മരിച്ചവരുടെ ഉറ്റവർക്കും പ്രിയപ്പെട്ടവർക്കും ആത്മാർത്ഥമായ പിന്തുണ അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു..അദ്ദേഹം പറഞ്ഞു.യുഎഇ വിദേശകാര്യ മന്ത്രാലയവും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. സുരക്ഷക്ക് ഭീഷണിയുയർത്തുന്ന മുഴുവൻ ആക്രമണങ്ങളെയും തള്ളുന്നുവെന്ന് യുഎഇ അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു കശ്മീരിലെ പഹൽഗാമിനടുത്തുള്ള ബൈസരനിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ 28 പേർ കൊല്ലപ്പെട്ടത്.  കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്.രണ്ട് വിദേശികളും ഒരു മലയാളിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 

അതേസമയം, ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരരെന്ന് സൂചന. ഭീകരർക്കായി സൈന്യത്തിന്‍റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ് . എൻഐഎ സംഘം ബൈസരൺ വാലിയിൽ എത്തിയിട്ടുണ്ട്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വിവരം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News