രാജസ്ഥാനില്‍ സ്മാര്‍ട്ട് ഫോണുകള്‍ പകരം പണം; സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള ഫോണ്‍ വാങ്ങാമെന്ന് സര്‍ക്കാര്‍

ഫോണ്‍ വാങ്ങാനായി നിശ്ചിത തുകയും നല്‍കും

Update: 2023-06-17 03:30 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ജയ്പൂര്‍: രാജസ്ഥാനില്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ സ്ത്രീകൾക്ക് സ്മാർട്ട്ഫോണുകൾ നൽകുന്നതിനുപകരം പണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുവഴി ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ള ഫോൺ വാങ്ങാം. ഫോണ്‍ വാങ്ങാനായി നിശ്ചിത തുകയും നല്‍കും.

"പദ്ധതി പ്രകാരം സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതിന് പകരം സ്ത്രീകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് മൊബൈൽ ഫോണുകൾ വാങ്ങുന്നതിന് ഒരു നിശ്ചിത തുക നൽകാനാണ് തീരുമാനം. സ്മാർട്ട്‌ഫോണുകൾ നൽകുന്നത് നമ്മുടെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഒരു മാർഗമാണ്," രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പറഞ്ഞു.ഗുണഭോക്താക്കൾക്ക് ഇഷ്ടമുള്ള ഹാൻഡ്‌സെറ്റ് തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്ന ക്യാമ്പുകൾ നടത്താൻ കമ്പനികളോട് ആവശ്യപ്പെടുമെന്ന് ഗെഹ്ലോട്ട് അറിയിച്ചു. സ്‌മാർട്ട്‌ഫോണിന്‍റെ വില നിശ്ചിത തുകയെക്കാൾ കൂടുതലാണെങ്കിൽ, ബാക്കിയുള്ളത് ബന്ധപ്പെട്ട ഗുണഭോക്താവ് നൽകേണ്ടിവരും. സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും സേവനങ്ങള്‍ എളുപ്പത്തിലാക്കാനും സ്മാര്‍ട്ട് ഫോണ്‍ അത്യാവശ്യമാണെന്നും ഗെഹ്‍ലോട്ട് പറഞ്ഞു.

ചിരഞ്ജീവി സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്ത 1.33 കോടി സ്ത്രീകൾക്ക് മുഖ്യമന്ത്രി ഡിജിറ്റൽ സേവാ യോജനയ്ക്ക് കീഴിൽ മൂന്ന് വർഷത്തെ സൗജന്യ ഇന്‍റർനെറ്റ് ഡാറ്റയുള്ള സ്മാർട്ട്ഫോണുകൾ നല്‍കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി 2,500 കോടി രൂപ ചെലവഴിക്കുമെന്ന് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ധാരാളം ഗുണഭോക്താക്കൾ ഉള്ളതിനാൽ ടെൻഡറുകൾ വിളിക്കാന്‍ കഴിയാത്തതിനാൽ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ല. സര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ബി.ജെ.പി ഇതിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്ന് ഗെഹ്‌ലോട്ട് സർക്കാർ പ്രഖ്യാപിച്ചു, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകളായ 40 ലക്ഷം സ്ത്രീകൾക്ക് ഈ രക്ഷാബന്ധൻ ദിനത്തിൽ സ്മാർട്ട്‌ഫോണുകൾ നല്‍കുമെന്ന് അറിയിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News