കോൾഡ്റിഫ് കഫ് സിറപ്പിൽ നാല് വയസിൽ താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കുന്നതിന് വിലക്കുള്ള ലവണങ്ങളും
എല്ലാ നിർമാതാക്കളും മരുന്നിന്റെ ലേബലിലും പാക്കേജ് ഇൻസേർട്ടിലും 'നാല് വയസിന് താഴെയുള്ള കുട്ടികളിൽ ഈ എഫ്‌ഡിസി ഉപയോഗിക്കരുത്'- എന്ന് പരാമർശിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.
Photo| Special Arrangement
ന്യൂഡൽഹി: മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്റിഫ് കഫ് സിറപ്പിൽ നാല് വയസിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കുന്നത് നിരോധിച്ച ലവണങ്ങളും. കുട്ടികൾക്ക് ജലദോഷം, ചുമ, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, കണ്ണിൽ നിന്ന് വെള്ളം വരൽ തുടങ്ങിയ അസുഖങ്ങൾക്ക് നിർദേശിക്കുന്ന കോൾഡ്റിഫിൽ ക്ലോർഫെനിറാമൈൻ മലേറ്റ്, പാരസെറ്റമോൾ, ഫെനൈലെഫ്രിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
2023 ഡിസംബർ 18ലെ കേന്ദ്ര സർക്കാർ ഉത്തരവിൽ, ക്ലോർഫെനിറാമൈൻ മലേറ്റ് ഐപി 2mg, ഫെനൈലെഫ്രിൻ എച്ച്സിഎൽ ഐപി 5mg ഡ്രോപ്പ്/മില്ലി എന്നിവയുടെ ഫിക്സഡ്- ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) നാല് വയസിൽ താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഡോ. രാജീവ് സിങ് രഘുവൻഷി ഒപ്പിട്ട് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ പുറത്തിറക്കിയ ഉത്തരവിൽ, ലേബലിലും പാക്കേജ് ഇൻസേർട്ടിലും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകാൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്, എല്ലാ നിർമാതാക്കളും മരുന്നിന്റെ ലേബലിലും പാക്കേജ് ഇൻസേർട്ടിലും പ്രൊമോഷണൽ വിവരണത്തിലും 'നാല് വയസിന് താഴെയുള്ള കുട്ടികളിൽ ഈ എഫ്‌ഡിസി ഉപയോഗിക്കരുത്'- എന്ന് പരാമർശിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കേന്ദ്രം ആവശ്യപ്പെട്ടതുപോലെ മരുന്ന് കമ്പനികൾ ലേബലുകൾ മാറ്റിയിട്ടില്ലെന്നാണ് കണ്ടെത്തൽ. സംസ്ഥാന സർക്കാരുകളും സിറപ്പ് നിരോധിക്കുകയോ കുട്ടികളിൽ ചുമ സിറപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു തരത്തിലുള്ള ബോധവത്കരണ പ്രചാരണവും ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഈ കഫ് സിറപ്പ് കഴിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയപ്പോഴാണ് വിവിധ സംസ്ഥാനങ്ങൾ പരിശോധനയും തുടർ നടപടികളും ആരംഭിച്ചത്.
തമിഴ്നാട്ടിലെ കാഞ്ചീപൂരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസാണ് കോൾഡ്റിഫ് കഫ്സിറപ്പ് നിർമിക്കുന്നത്. തങ്ങൾ പരിശോധിച്ച കോൾഡ്റിഫ് സാമ്പിളിൽ മായം കലർന്നിട്ടുള്ളതായി ഒക്ടോബർ രണ്ടിന് തമിഴ്‌നാട് ഡ്രഗ് കൺട്രോൾ അധികൃതർ പ്രഖ്യാപിച്ചിരുന്നു. കോൾഡ്റിഫിൽ മാരക വിഷപദാർഥമായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ 48.6 ശതമാനം അടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ നടപടികളിലേക്ക് കടന്നത്.
പ്രിന്റിങ് മഷി, പശ, ബ്രേക്ക് ഫ്ലൂയിഡ്, ലൂബ്രിക്കന്റുകൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന പദാർഥമാണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ. ഇതിന്റെ ഉപയോഗം മനുഷ്യരിൽ വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കുകയും മരണത്തിന് കാരണമാവുകയും ചെയ്യും. കോൾഡ്റിഫ് മരുന്ന് കുടിച്ച കുട്ടികൾ വൃക്കകൾ തകരാറിലായതിനെ തുടർന്നാണ് മരിച്ചത്.
കോൾഡ്റിഫ് കഫ് സിറപ്പ് കുടിക്കുന്നതോടെ ഓക്കാനം, വയറുവേദന, മൂത്രത്തിന്റെ അളവ് കുറയൽ എന്നിവയാണ് ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ. തുടർന്ന് വൃക്ക തകരാർ, അപസ്മാരം, മരണം എന്നിവയിലേക്ക് എത്തുന്നു. കുട്ടികളുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഉത്തർപ്രദേശ്, പഞ്ചാബ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ കോൾഡ്റിഫ് കഫ് സിറപ്പിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളുടെയും വിൽപ്പനയും വിതരണവും സംസ്ഥാന സർക്കാർ വിലക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ തമിഴ്നാട് സർക്കാർ സ്വീകരിച്ചതിന് പിന്നാലെയാണ് കേരളം നടപടി കടുപ്പിച്ചത്. കോൾഡ് റിഫിന്റെ ഉപയോഗം നിർത്താൻ തെലങ്കാന സർക്കാർ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മധ്യപ്രദേശിനെ കൂടാതെ രാജസ്ഥാനിൽ മൂന്ന് കുട്ടികളാണ് മായം കലർന്ന കഫ് സിറപ്പ് കഴിച്ച് മരിച്ചത്.