'സി.പി.എമ്മുകാര്‍ ക്രിമിനലുകള്‍, കോണ്‍ഗ്രസുകാര്‍ അഴിമതിക്കാര്‍': ത്രിപുരയില്‍ വികസനം കൊണ്ടുവന്നത് ബി.ജെ.പിയെന്ന് അമിത് ഷാ

'ബി.ജെ.പിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ആര്‍ക്കും ഉന്നയിക്കാനില്ല'

Update: 2023-02-06 16:35 GMT
Advertising

അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് പാര്‍ട്ടികളും ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. അതേസമയം ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.

"കമ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളാണ്. കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണ്. ഇരുവരും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും എതിരെയാണ് പ്രവര്‍ത്തിച്ചത്. ത്രിപുരയില്‍ 30 വര്‍ഷത്തോളമുള്ള കമ്യൂണിസ്റ്റ് ഭരണവും 15 വര്‍ഷത്തോളമുള്ള കോണ്‍ഗ്രസിന്റെ ഭരണവും 5 വര്‍ഷം മാത്രമുള്ള ബി.ജെ.പി ഭരണവും താരതമ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകും"- എന്നാണ് അമിത് ഷാ പറഞ്ഞത്.

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സുതാര്യമായ ഭരണമാണ് ബി.ജെ.പി സര്‍ക്കാര്‍ ത്രിപുരയില്‍ കാഴ്ചവെക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു- "ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുപോലെ അഴിമതിക്കാരാണ്. ഇപ്പോള്‍ രണ്ടു വിഭാഗവും ഒന്നിച്ചിരിക്കുകയാണ്. ബി.ജെ.പിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ആര്‍ക്കും ഉന്നയിക്കാനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ബി.ജെ.പി സുതാര്യമായാണ് ഭരിക്കുന്നത്".

ബി.ജെ.പിയുടെ ഭരണം ത്രിപുരയില്‍ ഗോത്രവിഭാഗത്തോടുള്ള അനീതി അവസാനിപ്പിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടു- "ത്രിപുരയിലെ ബി.ജെ.പി ഭരണത്തോടെ കുറ്റകൃത്യനിരക്ക് 30 ശതമാനം കുറഞ്ഞു. ഞങ്ങള്‍ ഒരു സി.പി.എം പ്രവര്‍ത്തകനേയും ലക്ഷ്യമിട്ടില്ല. എന്നാല്‍ 2016-18 കാലത്ത് 250ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 27 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് ദുര്‍ഭരണം ബി.ജെ.പി മാറ്റിമറിച്ചെന്ന അഭിമാനത്തോടെയാണ് അഞ്ചു വര്‍ഷത്തിന് ശേഷം ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. ഗോത്രവിഭാഗങ്ങള്‍ ഇക്കാലമത്രയും അനീതി നേരിട്ടു. അതവസാനിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു".

ബി.ജെ.പി ഭരണമാണ് ത്രിപുരയില്‍ സമാധാനം കൊണ്ടുവന്നതെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം മാത്രം പോരാ. ഈ യാത്ര തുടരണം. ത്രിപുരയുടെ വികസനം ബി.ജെ.പി ഭരണത്തിനു കീഴില്‍ മാത്രമേ സാധ്യമാകൂ എന്നും അമിത് ഷാ അവകാശപ്പെട്ടു. ഫെബ്രുവരി 16നാണ് ത്രിപുരയില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 2നാണ് വോട്ടെണ്ണല്‍.

Summary- Union Home Minister Amit Shah on Monday came down heavily on the Communist Party of India (Marxist) and Congress in poll-bound Tripura and said that both the parties have discarded interests of the people and the state

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News