Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മുംബൈ: ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ മുംബൈ സ്വദേശിയായ യുവതിയുടെ സ്യൂട്ട്കേസുകൾ മുറിച്ച് 40,000 രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷ്ടിച്ചതായി പരാതി. റിതിക അറോറ എന്ന യുവതി ലിങ്ക്ഡ് ഇൻ-പോസ്റ്റിൽ പങ്കുവെച്ച കാര്യമാണ് ഇപ്പോൾ വർത്തയാകുന്നത്. എന്നാൽ ഇൻഡിഗോ പരാതി നിഷേധിച്ചു. 'എന്തെങ്കിലും മോഷ്‌ടിച്ചതായുള്ള സൂചനകളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല.' കമ്പനി വ്യക്തമാക്കി.
'ഇൻഡിഗോയുടെ ഉത്തരവാദിത്തമില്ലായ്മയിൽ അങ്ങേയറ്റം നിരാശയുണ്ട്' എന്ന ക്യാപ്ഷനോടെ ലിങ്ക്ഡ് ഇൻ-പോസ്റ്റിൽ കീറിമുറിച്ച സ്യുട്ട്കേസുകളുടെ ചിത്രങ്ങളും യുവതി പങ്കുവെച്ചു. 'ഇൻഡിഗോയിൽ മുംബൈ-ഡൽഹി വിമാനയാത്രക്കിടെ രണ്ട് ചെക്ക്-ഇൻ സ്യൂട്ട്കേസുകൾ മുറിച്ച് അതിൽ നിന്ന് 40,000 രൂപയുടെ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടു.' അവർ എഴുതി.
എന്നാൽ പോസ്റ്റിന് പ്രതികരണവുമായി ഇൻഡിഗോ കമ്പനി രംഗത്ത് വന്നു. 'മിസ് അറോറ, ഞങ്ങളോട് സംസാരിക്കാൻ സമയമെടുത്തതിന് നന്ദി. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള നിങ്ങളുടെ സമീപകാല അനുഭവത്തിൽ ഞങ്ങൾ ശരിക്കും ഖേദിക്കുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ വിശദമായ അവലോകനം ഉൾപ്പെടെ സമഗ്രമായ അന്വേഷണത്തിന് ശേഷം മോഷണമോ ക്രമരഹിതമായ കൈകാര്യം ചെയ്യലോ ഞങ്ങൾക്ക് കണ്ടെത്താനായില്ല.' ഇൻഡിഗോ എഴുതി.
അതേസമയം, ഇൻഡിഗോ യാത്രയ്ക്കിടെ തങ്ങളുടെ ബാഗേജിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് യുവതിയുടെ പോസ്റ്റിന് മറപടിയായി നിരവധി ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ പറഞ്ഞു.