ബിഹാറിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് 'നോട്ട'യ്ക്കും പിന്നിൽ

ആർ.ജെ.ഡി - വി.ഐ.പി പോരിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ബി.ജെ.പി മത്സരിച്ചെങ്കിലും കാര്യമുണ്ടായില്ല

Update: 2022-04-16 11:22 GMT
Advertising

നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന ബിഹാറിലെ ബൊച്ചഹാൻ മണ്ഡലത്തിൽ നോട്ടയ്ക്ക് പിറകിലായത് കോൺഗ്രസ്സടക്കം പത്ത് പാർട്ടികൾ. രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി) സ്ഥാനാർത്ഥി അമർ കുമാർ പാസ്വാൻ മൃഗീയ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ ബേബി കുമാരിയെ തോൽപ്പിപ്പോൾ കോൺഗ്രസിനും അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീനും വൻ തിരിച്ചടിയാണുണ്ടായത്.

1.74 ശതമാനം വോട്ടുമായി നോട്ട നാലാം സ്ഥാനത്തു വന്നപ്പോൾ കോൺഗ്രസ്, മജ്‌ലിസ്, യുവ കാന്ത്രികാരി പാർട്ടി, സമതാ പാർട്ടി, ബജ്ജികാഞ്ചൽ വികാസ് പാർട്ടി, രാഷ്ട്രീയ ജനസംഭാവനാ പാർട്ടി എന്നിവയുടെ സ്ഥാനാർത്ഥികളും നാല് സ്വതന്ത്ര സ്ഥാനാർത്ഥികളും അതിനും പുറകിലായി.

വികാസ്ശീൽ ഇൻസാഫ് പാർട്ടി (വി.ഐ.പി) നേതാവായിരുന്ന മുസഫർ പാസ്വാന്റെ മരണത്തെ തുടർന്നാണ് ബൊച്ചാഹൻ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുണ്ടായത്. 2020-ലെ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെ രാമൈ റാമിനെ തോൽപ്പിച്ച് സഭയിലെത്തിയ മുസാഫിർ പാസ്വാൻ കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ വെച്ചാണ് മരണമടഞ്ഞത്.

പാസ്വാന്റെ മകനായ അമർ കുമാർ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ആർ.ജെ.ഡിയിൽ ചേക്കേറുകയും ലാലു പ്രസാദ് യാദവിന്റെ പാർട്ടി അദ്ദേഹത്തിന് ടിക്കറ്റ് നൽകുകയും ചെയ്തു. അതേസമയം, 2020-ൽ ആർ.ജെ.ഡി ടിക്കറ്റിൽ മത്സരിച്ചു തോറ്റ രാമൈ റാമിന്റെ മകൾ ഗീതാ കുമാരിയാണ് ഇത്തവണ വി.ഐ.പിക്കു വേണ്ടി മത്സരത്തിനിറങ്ങിയത്. 2020-ൽ ആർ.ജെ.ഡിക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് ഇത്തവണ തങ്ങളുടെ സ്ഥാനാർത്ഥിയായി തരുൺ ചൗധരിയെ നിർത്തി.

വി.ഐ.പിയും ആർ.ജെ.ഡിയും കോൺഗ്രസും തമ്മിലുള്ള മത്സരത്തിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ബി.ജെ.പി, സഖ്യകക്ഷിയായ എൽ.ജെ.പിയിൽ നിന്ന് സീറ്റ് ഏറ്റെടുക്കുകയും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി കുമാരിയെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു.

എന്നാൽ, ബി.ജെ.പിയെയും വി.ഐ.പിയെയും ഞെട്ടിച്ച് വൻ ഭൂരിപക്ഷത്തിനാണ് അമർ കുമാർ ജയിച്ചത്. 82,562 അഥവാ 48.52 ശതമാനം വോട്ടുകൾ അമർ കുമാർ സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ബേബി കുമാരിക്ക് 45889 (26.98 ശതമാനം) വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. വി.ഐ.പി സ്ഥാനാർത്ഥി 29,276 (17.21 ശതമാനം) വോട്ടുമായി മൂന്നാം സ്ഥാനത്തായി.

സ്വതന്ത്രരടക്കം 13 സ്ഥാനാർത്ഥികൾ ജനവിധി തേടിയ മണ്ഡലത്തിൽ 2966 വോട്ടുകൾ (1.74 ശതമാനം) നേടി 'നോട്ട' നാലാം സ്ഥാനത്തെത്തി. കോൺഗ്രസ് 1336 വോട്ടുകൾ നേടിയപ്പോൾ മജ്‌ലിസ് സ്ഥാനാർത്ഥി റിങ്കു ദേവി 541 വോട്ടും സമതാ പാർട്ടിയുടെ രാഹുൽ കുമാർ 259 വോട്ടും നേടി.

Tags:    

Similar News