തമിഴ്നാട്ടിൽ കോൺഗ്രസ് ഒമ്പത് സീറ്റിൽ മത്സരിക്കും; ഡി.എം.കെയുമായി ധാരണയിലെത്തി

തമിഴ്നാട്ടിൽ ആകെ 39 ലോക്സഭാ സീറ്റാണുള്ളത്

Update: 2024-03-09 14:50 GMT
Advertising

ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസും ഡി.എം.കെയും തമ്മിൽ ലോക്സഭാ സീറ്റ് ധാരണയിലെത്തി. തമിഴ്നാട്ടിൽ ഒമ്പത് സീറ്റിലും പോണ്ടിച്ചേരിയിൽ ഒരു സീറ്റിലുമാണ് കോൺഗ്രസ് മത്സരിക്കുക. 2019ലും ഇതേ രീതിയിലാണ് സീറ്റ് നൽകിയത്. 10 സീറ്റിൽ ഒമ്പതിടത്തും കോൺഗ്രസ് വിജയിച്ചിരുന്നു. തമിഴ്നാട്ടിൽ ആകെ 39 ലോക്സഭാ സീറ്റുകളാണുള്ളത്.

മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അജോയ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ടി.എൻ.സി.സി അധ്യക്ഷൻ കെ. സെൽവപെരുന്തകൈ എന്നിവരാണ് ചർച്ച നടത്തി തീരുമാനത്തിലെത്തിയത്.

തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും 40 സീറ്റുകളിലും സഖ്യം വിജയിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസും ഡി.എം.കെയും തമ്മിലെ ബന്ധം അഭേദ്യമാണെന്നും ഒരുമിച്ച് പോരാടി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐ, സി.പി.എം, വിടുതലൈ ചിരുതൈഗൽ കക്ഷി എന്നിവർക്ക് രണ്ട് സീറ്റ് വീതം ഡി.എം.കെ തമിഴ്നാട്ടിൽ നൽകിയിട്ടുണ്ട്. കൂടാതെ മുസ്‍ലിം ലീഗിനും കൊങ്കുദേശ മക്കൾ കക്ഷിക്കും ഓരോ സീറ്റ് വീതവും അനുവദിച്ചു. കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയും മുന്നണിയോടൊപ്പം ചേർന്നിട്ടുണ്ട്. അതേസമയം, ഇവർക്ക് ലോക്സഭാ സീറ്റൊന്നും നൽകിയിട്ടില്ല. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News