'ഒരു വാക്ക് പോലും ഖേദം പ്രകടിപ്പിച്ചില്ല, ക്ഷമാപണം നടത്തിയതുമില്ല'; മോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ കോൺഗ്രസ്
സന്ദർശനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിനിടെ, കോൺഗ്രസ് നേതാവ് ജയ്റാം രമേശും പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു
ഇംഫാൽ: വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. കലാപഭൂമിയിൽ എത്താൻ താമസിച്ചതിന് മോദി ക്ഷമാപണം നടത്തിയില്ലെന്നും ഒരു വാക്ക് പോലും ഖേദം പ്രകടിപ്പിച്ചില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.
"മണിപ്പൂരിൽ 2023-ൽ നടന്ന കലാപത്തിൽ 258 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 1,108 പേർക്ക് പരിക്കേറ്റു, 532 ആരാധനാലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, 60,000 പേർ പലായനം ചെയ്തു. ആയിരക്കണക്കിന് ആളുകൾ ഇന്നും അഭയാർത്ഥി ക്യാമ്പുകളിലാണ്. രണ്ട് വർഷമായി പ്രധാനമന്ത്രി മോദി മണിപ്പൂർ സന്ദർശിക്കാൻ പോലും മെനക്കെട്ടിട്ടില്ല" എന്ന് കോൺഗ്രസ് നേതാവ് എക്സിൽ കുറിച്ചു. "ഇന്നലെ മണിപ്പൂരിൽ പോയ മോദി ഒരു വാക്ക് പോലും ഖേദം പ്രകടിപ്പിച്ചില്ല, രണ്ട് വർഷമായി വരാത്തതിന് ക്ഷമാപണം നടത്തിയില്ല. 7,300 കോടി രൂപയുടെ പദ്ധതികൾക്കും 1,200 കോടി രൂപയുടെ പദ്ധതികൾക്കും മണിപ്പൂരിലെ ജനങ്ങളെ നിങ്ങൾക്ക് വാങ്ങാൻ കഴിയുമോ?" അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിനിടെ, കോൺഗ്രസ് നേതാവ് ജയ്റാം രമേശും പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു. "കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കഴിഞ്ഞ 28 മാസമായി മണിപ്പൂരിലെ ജനങ്ങൾ കടുത്ത വേദനയും ദുരിതവും കഷ്ടപ്പാടും യാതനയും അനുഭവിച്ചുവരികയാണ്. പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കുന്നതിനായി മണിപ്പൂരിലെ ജനങ്ങൾ ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ അദ്ദേഹം ഇന്ന് അവിടെ എത്തി. പക്ഷേ, ലാൻഡിങ് മുതൽ ടേക്ക് ഓഫ് വരെ അഞ്ച് മണിക്കൂറിൽ താഴെ മാത്രമേ അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ," അദ്ദേഹം പറഞ്ഞു.
2023ஆம் ஆண்டில் மணிப்பூரில் நடந்த கலவரத்தில்
— P. Chidambaram (@PChidambaram_IN) September 14, 2025
* 258 பேர் உயிரிழந்தனர்
* 1,108 பேர் காயமடைந்தனர்
* 532 மத வழிபாடு இடங்கள் சேதமடைந்தன
* 60,000 பேர் இடம் பெயர்ந்தனர்
* பல்லாயிரம் பேர் அகதிகள் முகாம்களில் இன்றும் இருக்கின்றனர்
இரண்டு ஆண்டுகளாகப் பிரதமர் மோடி அவர்கள் மணிப்பூரைத்…
മോദിയുടെ സന്ദര്‍ശനത്തെ പ്രഹസനം എന്നും ദുരിതബാധിത ജനങ്ങളോടുള്ള കടുത്ത അപമാനമെന്നുമാണ് ഇൻഡ്യ മുന്നണി വിശേഷിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോൺഗ്രസും മറ്റ് ഇൻഡ്യാ മുന്നണി നേതാക്കളും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
2023 മെയ് മാസത്തിൽ മണിപ്പൂരിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷവും മെയ്‌തെയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള ഭിന്നത വളരെക്കാലമായി നിലനിൽക്കുന്നതിനുശേഷവും പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമാണിത്. 2023 മെയ് മുതൽ മോദി സന്ദർശിച്ചത് 47 രാജ്യങ്ങളാണ്. ഈ കാലയളവിൽ 47 അന്താരാഷ്ട്ര സന്ദർശനങ്ങളും 310 സംസ്ഥാന സന്ദർശനങ്ങളും അദ്ദേഹം നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു, ഇംഫാലിൽ 1200 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
അതേസമയം, ശനിയാഴ്ച മണിപ്പൂർ സന്ദർശന വേളയിൽ പ്രധാനമന്ത്രി മണിപ്പൂരിലെ വിവിധ വംശീയ വിഭാഗങ്ങളോട് അക്രമം ഒഴിവാക്കി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്ത് പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്‍റെയും ഒരു പുതിയ പ്രഭാതം ഉയർന്നുവരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.