ചൈനീസ് എഐ ആപ്പ് ഡീപ്സീക്ക് ഇന്ത്യയിൽ നിരോധിക്കണമെന്ന് കോൺഗ്രസ് എംപി
ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ചൈനയ്ക്ക് വിദേശകാര്യ മന്ത്രാലയം നോട്ടീസ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹി: ഇന്ത്യയിൽ ചൈനീസ് എഐ ആപ്പായ ഡീപ്സീക്ക് നിരോധിക്കമെന്ന് കോൺഗ്രസ് എംപി ഗൊവാൽ കെ പാദവി. അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കാൻ വിസമ്മതിച്ച് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് എംപിയുടെ ആവശ്യം. രാജ്യം സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിക്കണമെന്നും അദ്ദേഹം ലോക്സഭയിൽ ആവശ്യപ്പെട്ടു.
ഇന്ത്യ അമേരിക്കൻ- ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി ശൂന്യവേളയിൽ വിഷയം ഉന്നയിച്ച ഗൊവാൽ, ചൈനയ്ക്ക് നോട്ടീസ് നൽകണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു. ടിബറ്റിനെക്കുറിച്ച് തനിക്ക് ഒരു ചോദ്യമുണ്ടെന്ന് ഡീപ്സീക്കിനോട് പറഞ്ഞപ്പോൾ ആ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലാണെന്ന് മറുപടി നൽകി. ഉത്തർപ്രദേശിനെക്കുറിച്ചും പിന്നീട് ആന്ധ്രാപ്രദേശിനെക്കുറിച്ചും ചോദിച്ചപ്പോൾ 'ഡീപ്സീക്ക്' വിശദമായ ഉത്തരം നൽകി.
എന്നാൽ, അരുണാചൽ പ്രദേശിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'ഡീപ്സീക്ക്' കൃത്യമായ ഒരു ഉത്തരം നൽകാൻ വിസമ്മതിച്ചു. 'ക്ഷമിക്കണം, അത് എന്റെ നിലവിലെ പരിധിക്ക് പുറത്താണ്, നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം'- എന്നും പറഞ്ഞു. ഇന്ത്യ- ചൈന അതിർത്തി തർക്കം നിലനിൽക്കുന്നതിനാലും അരുണാചൽ പ്രദേശ് മുഴുവൻ ചൈനയുടെ ഭാഗമാണെന്ന് ചൈനീസ് അംബാസഡർ നേരത്തെ വാദിച്ചിരുന്നതിനാലുമാണ് ഈ ഉത്തരം ലഭിച്ചതെന്ന് പാദവി പറഞ്ഞു.
'അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കാൻ ആപ്പ് വിസമ്മതിക്കുന്നു. ഇത് ഞെട്ടിക്കുന്നതാണ്, ഇന്ത്യയോടുള്ള ബഹുമാനക്കുറവ്... വിദേശ സാങ്കേതികവിദ്യയുടെ ഇത്തരം ഉത്തരങ്ങൾക്ക് ഇന്ത്യയിൽ സ്ഥാനമില്ല. അവ നിരോധിക്കണം'- എംപി ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ചൈനയ്ക്ക് വിദേശകാര്യ മന്ത്രാലയം നോട്ടീസ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാറ്റയ്ക്കും രേഖകൾക്കും അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓഫീസ് കമ്പ്യൂട്ടറുകളിലും ഉപകരണങ്ങളിലും ചാറ്റ് ജിപിറ്റി, ഡീപ്സീക്ക് പോലുള്ള എഐ സാങ്കേതികവിദ്യകളും ആപ്പുകളും ഡൗൺലോഡ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. സെജിയാങ്ങിലെ ഹാങ്‌ഷൗവിലാണ് ചൈനീസ് എഐ കമ്പനിയായ ഡീപ്സീക്കിന്റെ ആസ്ഥാനം.