'കോൺ​ഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നു; മുസ്‌ലിംകൾക്ക് തൊഴിൽ ക്വാട്ട നൽകുന്നു': വിദ്വേഷ പ്രസം​ഗം നിർത്താതെ മോദി

കോൺഗ്രസ് ഹിന്ദു വിരുദ്ധരും മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നവരുമാണെന്ന് ആരോപണം ബിജെപിയും ആവർത്തിച്ചു.

Update: 2024-05-10 09:52 GMT
Advertising

ഭോപ്പാൽ: തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ വിദ്വേഷ പ്രസം​ഗം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാൻ ​ഗൂഢാലോചന നടത്തുകയാണെന്ന് മോദി ആരോപിച്ചു. തൊഴിൽ സംവരണത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും കോൺഗ്രസ് നുണകൾ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.

മതത്തിൻ്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരാണെന്നും മോദി പറഞ്ഞു. നിങ്ങളുടെ ക്വാട്ട തട്ടിയെടുത്ത് മുസ്‌ലിംകൾക്ക് നൽകുക എന്നതാണ് കോൺഗ്രസിൻ്റെ മറഞ്ഞിരിക്കുന്ന അജണ്ടയെന്നും മുന്നിലിരുന്ന അണികളോട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദുർബാറിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിവാദ പരാമർശങ്ങൾ.

'കർണാടകയിലെ കോൺഗ്രസ് സർക്കാർ എല്ലാ മുസ്‌ലിംകളെയും ഒറ്റരാത്രികൊണ്ട് മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) വിഭാഗത്തിൽ ഉൾപ്പെടുത്തുകയും അവർക്ക് സംവരണം നൽകുകയും ചെയ്തു' എന്ന ആരോപണവും മോദി ഉന്നയിച്ചു. ആദിവാസികളുടെ ക്ഷേമത്തെ കുറിച്ച് കോൺ​ഗ്രസ് വേവലാതിപ്പെടുന്നില്ലെന്നും മോദി പറഞ്ഞു. കോൺഗ്രസ് ഹിന്ദു വിരുദ്ധരും മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നവരുമാണെന്ന് ആരോപണം ബിജെപിയും ആവർത്തിച്ചു.

ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം വിദ്വേഷ പ്രചാരണം ആരംഭിച്ച മോദി, രണ്ടാം ഘട്ടത്തിനു ശേഷം അത് കടുപ്പിക്കുകയായിരുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ കായികരംഗത്ത് ന്യൂനപക്ഷങ്ങൾക്ക് മുൻഗണന നൽകാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങളെ കോൺ​ഗ്രസ് മതാടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും മോദി വ്യാഴാഴ്ച ആരോപിച്ചിരുന്നു. ക്രിക്കറ്റ് ടീമിൽ ആരൊക്കെ തുടരണം, ആരു തുടരരുത് എന്നൊക്കെ മതത്തിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് തീരുമാനിക്കും- മോദി പറഞ്ഞു. മധ്യപ്രദേശിലെ ധറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺഗ്രസ് കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരില്ലെന്നും രാമക്ഷേത്രത്തിന് ബാബരി പൂട്ട് ഇടില്ലെന്നും ഉറപ്പാക്കാൻ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 400 സീറ്റുകൾ വേണമെന്ന് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. താൻ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും എതിരല്ലെന്നും അവകാശപ്പെട്ട മോദി, മുസ്‌ലിം സമൂഹം ആത്മപരിശോധന നടത്തുകയും ഭാവിയെക്കുറിച്ച് ചിന്തിക്കുകയും വേണമെന്നും പറഞ്ഞിരുന്നു.

തനിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു എന്ന വിവാദ പ്രസ്താവനയും കഴിഞ്ഞദിവസം മോദി രം​ഗത്തെത്തിയിരുന്നു. ഒരു പ്രത്യേക മതത്തിലുള്ളവരോട് മോദിക്കെതിരെ വോട്ടുചെയ്യാൻ കോൺഗ്രസ്‌ അഭ്യർഥിക്കുന്നു, വോട്ട് ജിഹാദ് അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'കോൺ​ഗ്രസിന്റെ രാജകുമാരനെ' പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പേരു പറയാതെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നംവെച്ചായിരുന്നു മോദിയുടെ പരാമര്‍ശം. പാകിസ്താന്റെ അനുയായി ആണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും മോദി ആരോപിച്ചു. ഗുജറാത്തിലെ ആനന്ദില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന കാല​ത്തോ​ളം എ​സ്.​സി-​ എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​​ടെ ചെ​ല​വി​ൽ മു​സ്‍ലിം​ക​ൾ​ക്ക് മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മോ​ദി പറഞ്ഞിരുന്നു. തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോദി. 'കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവർ അറിയണം- ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകൾക്കും എസ്‌.സി- എസ്‌.ടികൾക്കും ഒബിസികൾക്കും വേണ്ടിയുള്ള സംവരണം മതത്തിൻ്റെ പേരിൽ മു​സ്‍ലിം​ക​ൾ​ക്ക് നൽകാൻ അനുവദിക്കില്ല'- മോദി വിശദമാക്കി.

രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ഇത്തവണത്തെ ആദ്യ വിവാദ വിദ്വേഷ പരാമർശം. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മുസ്‌ലിംകളെ ഉദ്ദേശിച്ചുള്ള പ്രസ്താവന. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ആരോപിച്ചായിരുന്നു ഇത്തരമൊരു പരാമർശം.






Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News