തോൽവി വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം നാളെ

വൈകിട്ട് നാലിന് എഐസിസി ആസ്ഥാനത്താണ് യോഗം

Update: 2022-03-12 10:36 GMT
Advertising

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം നാളെ ചേരും. വൈകിട്ട് നാലിന് എഐസിസി ആസ്ഥാനത്താണ് യോഗം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യണമെന്ന് ജി23 നേതാക്കൾ ആവശ്യപ്പെടുകയും നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകളിലെ തോല്‍വി വലിയ രീതിയിലുള്ള തിരിച്ചടിയാണ് കോൺഗ്രസിനുണ്ടാക്കിയത്.

കൂടാതെ പ്രിയങ്കഗാന്ധി ഏറ്റവും കൂടുതൽ സജീവമാവുകയും യുപി തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. എന്നാൽ യു.പിയിൽ കേവലം രണ്ടു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഗോവ ഉൾപെടെയുള്ള സ്ഥലങ്ങളിൽ പ്രതിപക്ഷ മുന്നേറ്റത്തിന്റെ ഭാഗമായി ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മറ്റു പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോൺഗ്രസ് വിശാലമായൊരു പ്രതിപക്ഷ സഖ്യത്തിന് തയ്യാറായിരുന്നില്ല. ഇതിനെതിരെയാണ് ജി23 നേതാക്കൾ നേതൃത്വത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ ജി-23 നേതാക്കന്മാർ ആത്മവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഗുലാം നബി ആസാദ്, ശശി തരൂർ എന്നിവരെല്ലാം നേതൃമാറ്റം അനിവാര്യമാണെന്ന അഭിപ്രായമാണ് പങ്കുവച്ചത്.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 97 ശതമാനം സീറ്റിലും കോൺഗ്രസിന് കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ടു. 399 സ്ഥാനാർത്ഥികളാണ് പാർട്ടിക്കു വേണ്ടി മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ 387 പേർക്കും കെട്ടിവച്ച കാശു പോയി. വെറും രണ്ടു സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. പിടിച്ചത് 2.4 ശതമാനം വോട്ടു മാത്രം. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തുടനീളം ഓടി നടന്ന പ്രിയങ്ക പ്രചാരണം നടത്തിയെങ്കിലും അതൊന്നും വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല. ഇവരുടെ റാലിയിൽ കണ്ട വലിയ ആൾക്കൂട്ടവും വോട്ടായി മാറിയില്ല. രാംപൂർ ഖാസിലും ഫരേന്ദയിലുമാണ് കോൺഗ്രസ് വിജയിച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News