നെറ്റ്ഫ്ലിക്സ് സീരീസ് 'ദ ബാഡ്സ് ഓഫ് ബോളിവുഡി'നെതിരായ സമീര്‍ വാങ്കെഡെയുടെ മാനനഷ്ടക്കേസ് തള്ളി
സീരീസിലെ പല കാര്യങ്ങളും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നായിരുന്നു സമീര്‍ വാങ്കെഡെയുടെ വാദം
ന്യൂഡല്‍ഹി: നെറ്റ്ഫ്ലിക്സ് സീരീസായ 'ദ ബാഡ്സ് ഓഫ് ബോളിവുഡി'നെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ സോണല്‍ മുന്‍ ഡയരക്ടര്‍ സമീര്‍ വാങ്കെഡെ നല്‍കിയ മാനനഷ്ടക്കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും മറ്റു കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് സമീര്‍ വാങ്കെഡെയുടെ ഹരജി തള്ളിയത്.
സീരീസിലെ പല കാര്യങ്ങളും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നായിരുന്നു സമീര്‍ വാങ്കെഡെയുടെ വാദം. താനും ആര്യന്‍ ഖാനും ഉള്‍പ്പെട്ട കേസ് ബോംബെ ഹൈക്കോടതിയിലും എന്‍ഡിപിഎസ് കേസ് പ്രത്യേക കോടതിയിലും നിലനില്‍ക്കെയാണ് ഇതെന്നും വാങ്കെഡെ ചൂണ്ടിക്കാട്ടി. രണ്ടു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും ഇത് ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന് നല്‍കുമെന്നുമാണ് വാങ്കെഡെ പറഞ്ഞത്.
എന്നാല്‍ വാങ്കെഡെയ്‌ക്കെതിരായ ആക്ഷേപങ്ങളും പണം തട്ടല്‍ ആരോപണങ്ങളും 2022 മുതല്‍ പൊതുജന മധ്യത്തില്‍ ഉണ്ടെന്ന് നെറ്റ്ഫ്ലിക്‌സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് നയ്യാര്‍ ചൂണ്ടിക്കാട്ടി. ആക്ഷേപഹാസ്യത്തിലൂടെ ബോളിവുഡ് സംസ്‌കാരത്തെ തുറന്നുകാട്ടുകയാണ് സീരീസ് ചെയ്യുന്നതെന്നും നെറ്റ്ഫ്‌ലിക്‌സ് വാദിച്ചു.
കേസ് ഡല്‍ഹി ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് അധികാരപരിധിയില്‍ വരുന്ന മറ്റ് കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയത്. വാങ്കെഡെയുടെ ബന്ധുക്കളുടെ വസതിക്ക് പുറമെ, വാങ്കഡെയുമായി ബന്ധപ്പെട്ട വകുപ്പുതല നടപടികള്‍ ഡല്‍ഹിയിലാണ് നടക്കുന്നത് എന്നും അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി പരിഗണിച്ചില്ല. കേസ് മുംബൈയിലാണ് പരിഗണിക്കേണ്ടതെന്ന് എതിര്‍കക്ഷിയായ റെഡ് ചില്ലീസും ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഓണ്‍ലൈനില്‍ പോസ്റ്റുകള്‍ വരുന്നു എന്ന വാങ്കെഡെയുടെ വാദം മാനനഷ്ടത്തിന് പരിഗണിക്കാനാവില്ലെന്നും ഇവര്‍ വാദിച്ചു.
2021ലെ ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥനാണ് വാങ്കെഡെ. ആര്യന്‍ ഖാനെ മോചിപ്പിക്കാന്‍ വേണ്ടി 25 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം പിന്നീട് ഉയര്‍ന്നിരുന്നു. മതിയായ തെളിവില്ലെന്നു കാണിച്ച് പിന്നീട് ആര്യന്‍ ഖാനെ കോടതി വെറുതെവിട്ടിരുന്നു. ഈ കേസിലെ പണം തട്ടല്‍ ആരോപണത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.