'മോസ്‌കോ വിചാരണയും ഡൽഹി കലാപക്കേസും' അനുമാനങ്ങളിൽ നിന്ന് ഉണ്ടാവുന്ന കോടതിവിധികൾ

കോടതിയുടെ മുമ്പാകെ സമർപ്പിച്ച തെളിവുകളെ ന്യായമായി വിലയിരുത്തുന്നതിന് പകരം അനാവശ്യമായ അനുമാനങ്ങൾ ഉപയോഗിച്ച് വിടവ് നികത്താനുള്ള ഒരു വ്യായാമം കോടതികൾ ആരംഭിച്ചതായി അഭിഭാഷകനായ ഗൗതം ഭാട്ടിയ പറയുന്നു

Update: 2025-09-03 12:23 GMT

ന്യൂഡൽഹി: 'ഡൽഹി കലാപ കേസ്' എന്നറിയപ്പെടുന്ന കേസിൽ പ്രതികളായ ഒമ്പത് പേർക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ചൊവ്വാഴ്ച (സെപ്റ്റംബർ 2, 2025) ഡൽഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഒമ്പത് പേരും അഞ്ച് വർഷത്തിലേറെയായി വിചാരണ പോലും ആരംഭിക്കാതെ ജയിലിൽ കഴിക്കുകയാണ്. ഒമ്പത് പേരിൽ ഒരാളായ ഉമർ ഖാലിദിന്റെ ജാമ്യം നിഷേധിച്ച സെഷൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും രണ്ട് മുൻ ഉത്തരവുകൾ പരിശോധിച്ച് അഭിഭാഷകനായ ഗൗതം ഭാട്ടിയ ചില നിരീക്ഷണങ്ങൾ നടത്തുന്നു. 'സ്റ്റെനോഗ്രാഫർ ഫോർ ദി പ്രോസിക്യൂഷൻ', 'ഫോർഗെറ്റിങ് ദി ബേസിക്‌സ്' എന്നീ പുസ്തകങ്ങളെ ഉദ്ധരിച്ച് ഈ ഉത്തരവുകൾ രണ്ട് കോടതികളുടെയും നീതിയുടെ ഗുരുതരമായ പിഴവ് വെളിപ്പെടുത്തുന്നുവെന്ന് ഗൗതം വാദിക്കുന്നു. കോടതിയുടെ മുമ്പാകെ സമർപ്പിച്ച തെളിവുകളെ ന്യായമായി വിലയിരുത്തുന്നതിന് പകരം അനാവശ്യമായ അനുമാനങ്ങൾ ഉപയോഗിച്ച് വിടവ് നികത്താനുള്ള ഒരു വ്യായാമം കോടതികൾ ആരംഭിച്ചതായി ഗൗതം വിമർശിച്ചു. രേഖയിലുള്ള തെളിവുകളുടെ വികലമായ വായന നടത്തി നിയമത്തിനോ യുക്തിക്കോ അജ്ഞാതമായ ഒരു വിധി പ്രസ്താവിക്കുകയാണ് കോടതി ചെയ്തതെന്നും ഗൗതം ചൂണ്ടികാണിക്കുന്നു.

Advertising
Advertising

'ഡൽഹി കലാപക്കേസ്' 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന വർഗീയ അക്രമത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സംഭവത്തിൽ ഇതുവരെ 54 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസിലെ പ്രതികളെല്ലാം 2019 ഡിസംബർ, 2020 ജനുവരി മാസങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനും നിയമത്തിനുമെതിരെ പൊതുജന പ്രതിഷേധങ്ങളിൽ ഉൾപ്പെട്ടിരുന്ന വ്യക്തികളാണ്. എന്നാൽ ഇവരിൽ ആരും പരസ്യമായി അക്രമത്തിനോ കലാപത്തിനോ ആഹ്വാനം ചെയ്യുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് കേസുമായി മുന്നോട്ട് പോകുമ്പോൾ പ്രോസിക്യൂഷന് തടസമായിരുന്നു. ഈ തടസത്തെ മറികടക്കാനാണ് പ്രോസിക്യൂഷൻ കേസ് ഒരു ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാക്കിയത്. ഗൂഢാലോചന സംബന്ധിച്ച പ്രോസിക്യൂഷന്റെ കേസ് രണ്ട് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരുമായ ഇവർ ചില രഹസ്യയോഗങ്ങളിൽ പങ്കെടുത്ത് അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് തങ്ങൾ കേട്ടിട്ടുണ്ടെന്ന് ചില 'സംരക്ഷിത സാക്ഷികളുടെ' (അതായത് അജ്ഞാതരായ രഹസ്യ സാക്ഷികൾ) മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ, കലാപത്തിന് ശേഷമുള്ള ഫോൺ കോളുകൾ, അല്ലെങ്കിൽ അക്രമത്തിന് കാരണമായി എന്ന് വ്യാഖ്യാനിക്കാവുന്ന പൊതു പ്രസംഗങ്ങൾ തുടങ്ങിയ സാഹചര്യ തെളിവുകളുടെ സാന്നിധ്യവുമാണ് കേസിന് ബലം പകർന്നിരിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ ഒരു കോടതിക്ക് രണ്ട് കാര്യങ്ങളാണ് ചെയ്യാൻ കഴിയുകയെന്ന് ഗൗതം ഭാട്ടിയ വാദിക്കുന്നു. ഒന്ന്, പ്രോസിക്യൂഷന്റെ തെളിവുകളിലെ രേഖകൾ കൃത്യവും നിർദിഷ്ടമാക്കി വസ്തുതക്കും അനുമാനത്തിനും ഇടയിൽ വ്യക്തമായ വ്യത്യാസം നിലനിർത്തി ഒരു 'കൺ തുറന്ന' സമീപനമെടുക്കുക. അതല്ലെങ്കിൽ രേഖയിലുള്ള തെളിവുകൾ മാത്രം ആശ്രയിക്കാതെ പ്രോസിക്യൂഷന്റെ അനുമാനങ്ങളും മുഖവിലക്കെടുത്ത് ഒരു 'കണ്ണടച്ച' സമീപനമെടുക്കുക. ജുഡീഷ്യറിയുടെ എല്ലാ തലങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന ജഡ്ജിമാരെ ശ്രദ്ധിച്ചാൽ രണ്ട് സമീപനങ്ങളുടെയും ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയുമെന്നത് ഇന്ത്യൻ ക്രിമിനൽ നിയമവ്യവസ്ഥയുടെ ഒരു പ്രത്യേകതയാണ്.

ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച സെഷൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ രണ്ടാമത് സൂചിപ്പിച്ച 'കണ്ണടച്ച സമീപനത്തിന്റെ' ഉദാഹരണമാണ് എന്ന് ഗൗതം ഭാട്ടിയ വിശകലനം ചെയ്യുന്നു. 'രഹസ്യ' സാക്ഷികളുടെ പിന്തുണയോടെ ഒരു വ്യക്തിയെ വർഷങ്ങളോളം ജയിലിൽ അടക്കുന്നത് അനീതിയാണ് എന്നതിന് പുറമേ ഈ 'രഹസ്യ' സാക്ഷികളുടെ മൊഴികൾ മിക്കവാറും അവ്യക്തമായിരുന്നു എന്നത് കൂടി ശ്രദ്ധേയമാണ്. ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഉമർ ഖാലിദിന്റെ അംഗത്വം, ചില മീറ്റിങ്ങുകളിലെ ഉമറിന്റെ പങ്കാളിത്തം, ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള പരാമർശം എന്നിവയിൽ നിന്നാണ് ഉമർ ഖാലിദിന്റെ കുറ്റങ്ങളെ കുറിച്ചുള്ള അനുമാനങ്ങൾ ശേഖരിച്ചത് എന്നതാണ് കൂടുതൽ കൗതുകകരം. മറിച്ച് അക്രമത്തിന് പ്രേരിപ്പിക്കുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ പിന്തുണക്കുന്നതിനോ പ്രത്യേക വസ്തുതകളൊന്നുമില്ലെന്ന് സാരം. ചുരുക്കത്തിൽ ഹൈക്കോടതി ഒരു പടി കൂടി കടന്ന് ഒരു പൊതു പ്രസംഗത്തിൽ ഉമർ ഖാലിദ് 'ഇങ്ക്വിലബി സലാം' (വിപ്ലവകരമായ ആശംസകൾ), 'ക്രാന്തികരി ഇസ്തിക്ബാൽ' (വിപ്ലവകരമായ ആശംസകൾ) എന്നീ പദങ്ങൾ ഉപയോഗിച്ചത് കുറ്റകരമാണെന്ന് വിധിച്ചു. കാരണം നിങ്ങളുടെ വിപ്ലവം രക്തരഹിതമായിരിക്കുമെന്ന് നിങ്ങൾ വ്യക്തമായി പ്രസ്താവിച്ചില്ലെങ്കിൽ നിങ്ങൾ പരോക്ഷമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന അനുമാനം ഉണ്ടായിരുന്നു, (ഇതേ പ്രസംഗത്തിൽ ഉമർ ഖാലിദ് സമാധാനപരവും അക്രമരഹിതവുമായ പ്രതിഷേധത്തെക്കുറിച്ച് പലതവണ പരാമർശിച്ചുവെന്ന വസ്തുത അവഗണിച്ചാണ് ഈ നിരീക്ഷണം).

2022-ൽ ഉമർ ഖാലിദ് വിചാരണയില്ലാതെ രണ്ട് വർഷം ജയിലിൽ കഴിയുമ്പോഴാണ് ഈ രണ്ട് വിധികളും പുറപ്പെടുവിക്കുന്നത്. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ഇപ്പുറം വിചാരണയില്ലാതെ അഞ്ച് വർഷം ജയിലിൽ കഴിഞ്ഞ ഒരാളുടെ ദുരവസ്ഥ ഹൈക്കോടതി പരിഗണിക്കുമ്പോൾ രണ്ട് വിധികളിൽ നിന്ന് വിഭിന്നമായി ഒരു വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിൽ ജസ്റ്റിസുമാരായ നവീൻ ചൗളയുടെയും ഷാലിന്ദർ കൗറിന്റെയും ചൊവ്വാഴ്ചത്തെ വിധി മുമ്പത്തെ രണ്ട് വിധികളേക്കാൾ മോശമായിരുന്നു. ചരിത്ര പുസ്തകങ്ങളിൽ ജോസഫ് സ്റ്റാലിന്റെ മോസ്‌കോ വിചാരണകളെക്കുറിച്ച് (1936-1938) നമ്മൾ വായിക്കുന്നു. അതിൽ പഴയ ബോൾഷെവിക്കുകളെയും സ്റ്റാലിന്റെ സ്വന്തം ഉദ്യോഗസ്ഥരെ തന്നെയും ഗൂഢാലോചന കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കുന്നത് എങ്ങനെയാണ് വിവരിക്കുന്നു.

നിർബന്ധിത കുറ്റസമ്മതങ്ങളുടെ (പീഡനത്തിലൂടെ നേടിയത്) അടിസ്ഥാനത്തിലാണ് മോസ്‌കോ വിചാരണകൾ നടന്നതെന്ന വസ്തുതക്ക് പുറമേ ഈ വിചാരണകൾ പിന്നീടുള്ള വിശകലനങ്ങൾ ചൂണ്ടിക്കാണിക്കുന്നതുപോലെ തെളിവുകളോടും കോടതിയിൽ തെളിവുകൾ തെളിയിക്കേണ്ട മാനദണ്ഡങ്ങളോടും ഉള്ള അവഹേളനത്താൽ അടയാളപ്പെടുത്തി. നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയുടെ അവസാന അവശിഷ്ടങ്ങൾ ഉപേക്ഷിച്ച് ഒരു ധാർമിക അഗാധത്തിലേക്ക് വീഴുന്ന ഒരു സമൂഹത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി മോസ്‌കോ വിചാരണകളെക്കുറിച്ചുള്ള വിവരണങ്ങൾ ചരിത്രത്തിന്റെ പേജുകളിൽ നിറഞ്ഞിരിക്കുന്നു. ഈ രണ്ട് കേസുകളും തമ്മിൽ സാമ്യങ്ങൾ കണ്ടെത്തേണ്ടതില്ല. എങ്കിലും ചരിത്രം ആവർത്തിക്കുന്നില്ലെങ്കിലും അതിന് താളമുണ്ട്; ചരിത്രത്തിന്റെ വിധി ഒടുവിൽ, ആക്ഷേപകരമാണെങ്കിലും, അത് പലപ്പോഴും, വളരെ വളരെ വൈകിയതാണ്. വർഷങ്ങളായി നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തിന്റെ വില വൈകിയായാലും ഈ ഒമ്പത് പേർക്കും ഒരിക്കൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

(അഭിഭാഷകനായ ഗൗതം ഭാട്ടിയയുടെ ബ്ലോഗിനെ ആശ്രയിച്ചാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ശൈലിക്ക് വേണ്ടി ഇത് ലഘുവായി എഡിറ്റ് ചെയ്തിട്ടുണ്ട്)

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News