പശുവിന് എന്ത് യോഗി ? യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു; സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഗൊരഖ്പൂരിലാണ് സംഭവം; കോർപ്പറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്

Update: 2025-12-22 05:26 GMT

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കൾ. റോഡുകളിൽ ഇത്തരം പശുക്കൾ മൂലമുള്ള അപകടം നിത്യ സംഭവമാണ്. തെരഞ്ഞെടുപ്പുകളിലും അലഞ്ഞ് തിരിഞ്ഞു നടക്കുന്ന പശുക്കൾ പ്രധാന പ്രചരണ വിഷയമാവാറുണ്ട്.അടുത്തെയിടെ ഇത്തരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പാഞ്ഞെടുത്ത വാർത്തകളാണ് ഉത്തർപ്രദേശിൽ നിന്നും വരുന്നത്. സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ച് ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായി അറിയപ്പെടുന്ന ഗൊരഖ്പൂരിലാണ് സംഭവം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഒരു സംഘം ഖൊരഖ്പൂർ സന്ദർശിക്കാൻ എത്തിയതായിരുന്നു. സംഭവം ഇങ്ങനെയാണ്- വാഹനവ്യൂഹം എത്തിയതിന് പിന്നാലെ ഗൊരഖ്പൂർ എംപി രവി കിഷൻ പുറത്തിറങ്ങി. അതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പുറത്തേക്കിറങ്ങി. ഈ സമയം അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഒരു പശു യോഗി ആദിത്യനാഥിനെതിരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ട് പശുവിനെ പിടിച്ച് മാറ്റി മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഗുരുതര സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് കണക്കാക്കുന്നത്. പശു മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്ത സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഗോരഖ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിഐപി സന്ദർശനത്തിനോടനുബന്ധിച്ച് പ്രദേശം 'സാനിറ്റൈസ് ' ചെയ്തില്ല എന്നു പറഞ്ഞാണ് അരവിന്ദ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. ആഭ്യന്തരവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News