ഹരിയാന ബിജെപിയിൽ പ്രതിസന്ധി രൂക്ഷം; നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കും

കോൺഗ്രസ് ആം ആദ്മി പാർട്ടി സീറ്റ് വിഭജന ചർച്ചയിലും കല്ലുകടി

Update: 2024-09-06 03:37 GMT

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ മന്ത്രിയടക്കമുള്ള പ്രമുഖർ സ്ഥാനങ്ങൾ രാജിവെച്ചത് ഹരിയാന ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കി. വൈദ്യുതി-ജയിൽ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടിയ മന്ത്രിസ്ഥാനം ഒഴിഞ്ഞു.

രതിയ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ലക്ഷ്മൺ നാപ, മുൻ മന്ത്രി കരൺ ദേവ് കാംബോജ് എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ നിന്ന് രാജിവെച്ച് പുറത്തുപോയ മറ്റു നേതാക്കൾ. 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ 9 എംഎൽഎമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. അതു കൊണ്ടുതന്നെ കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കും എന്നാണ് സൂചന.

Advertising
Advertising

രതിയ മണ്ഡലത്തിൽ നിന്ന് വീണ്ടും ലക്ഷ്മൺ നാപക്ക് ടിക്കറ്റ് നൽകാമെന്ന് ബിജെപി അറിയിച്ചെങ്കിലും പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകൻ രഞ്ജിത്ത് റാനിയ മണ്ഡലത്തിൽ നിന്നു സ്വതന്ത്രനായോ അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടി സ്ഥാനാർഥിയായോ മാത്രമേ മത്സരിക്കുകയുള്ളൂവെന്ന് നേരെത്തേ നിലപാടെടുത്തിരുന്നു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാനി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് എംഎൽഎ ആയ അദ്ദേഹം അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിസാർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനു പിന്നാലെയാണ് ബിജെപിയിൽ തുടരാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ദബ്‌വാലി മണ്ഡലത്തിൽ നിന്ന് ബിജെപി സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും രഞ്ജിത്ത് അനുരണനത്തിന് തയാറായില്ല.

ഇന്ദ്രിയിൽ നിന്നോ റദൗറിൽ നിന്നോ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന ഒബിസി മോർച്ച നേതാവ് കാംബോജ് പാർട്ടി അതിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്ന രൂക്ഷവിമർശനമുയർത്തിയത് ബിജെപിക്കുള്ളിലെ ചേരിപ്പോര് വെളിവാക്കുന്നതാണ്. ബിജെപി സ്ഥാപകരായ ദീൻ ദയാൽ ഉപാധ്യായയും ശ്യാമ പ്രസാദ് മുഖർജിയും ഉൾപ്പെടെയുള്ള പ്രമുഖർ മുന്നോട്ടുവെച്ച ആദർശങ്ങളും നിലപാടുകളും നിലവിലെ നേതാക്കൾ മറന്നുപോകുന്നുണണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാർത്ഥ നേട്ടങ്ങൾക്കായി കൂറുമാറ്റം നടത്തുന്ന രാജ്യദ്രോഹികൾക്ക് ബിജെപി പ്രതിഫലം നൽകുന്നുണ്ടെന്നും ഇത് പാർട്ടിയുടെ വിശ്വസ്തരുടെ ചെലവിലാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം കോൺഗ്രസ്‌ ആം ആദ്മി പാർട്ടി സഖ്യചർച്ചകളും തുടരുകയാണ്. സഖ്യം വേണ്ടെന്നാണ് സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിലപാട്. ഹരിയാന- പഞ്ചാബ് അതിർത്തിയിലെ 10 സീറ്റുകളാണ് എ.എ.പി ആവശ്യപ്പെടുന്നത്. എന്നാൽ ആം ആദ്മി പാർട്ടിയെ ഒപ്പം കൂട്ടുന്നത് തിരിച്ചടി ഉണ്ടാക്കുമെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News